JHL

JHL

ക്വാറന്റീൻ ചിലവ് സംബന്ധിച്ച അവ്യക്തത ; നാട്ടിലെത്തിയ പ്രവാസികൾ മണിക്കൂറുകളോളം ജില്ലാ അതിർത്തിയിൽ കുടുങ്ങി

കാസറഗോഡ് (True News 29 May 2020):നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി. ബസ്സുകളിലെത്തിയ പ്രവാസികൾ നാലരമണിക്കൂർ നേരം ജില്ലാ അതിർത്തിയായ കാലിക്കടവിൽ കുടുങ്ങി. കുവൈത്തിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള 14 പേരാണ് രണ്ട് ബസ്സുകളിലുണ്ടായിരുന്നത്. ക്വാറന്റീൻ സൗകര്യത്തെക്കുറിച്ചുള്ള അവ്യക്തതയാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.

ജില്ലയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ സൗകര്യമില്ലെന്നും ക്വാറന്റീന് ദിവസം ആയിരം രൂപ ചെലവിനായി വേണമെന്നും സ്ഥലത്തുണ്ടായിരുന്ന റവന്യൂ ജീവനക്കാർ അറിയിച്ചിരുന്നു. എന്നാൽ കുവൈത്തിൽ നിന്ന് ജോലി നഷ്ടപ്പെട്ട് ഔട്ട്പാസിലാണ് തങ്ങളെത്തിയതെന്ന് പ്രവാസികൾ പറഞ്ഞു. ഒരു ബസ്സിൽ ദുബായിൽ നിന്ന് വന്ന ഒരാൾ മാത്രമാണ് ആകെ ഉണ്ടായിരുന്നത്. ഈ ബസ് ഒഴിവാക്കാൻ ശ്രമമുണ്ടായി. എന്നാൽ, കുവൈത്തിൽ നിന്നുള്ളവരുടെ എതിർപ്പിനെ തുടർന്ന് യുവാവിന് മറ്റൊരു വാഹനം ഒരുക്കിക്കൊടുത്തു.

അതതു ഗ്രാമപ്പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് ക്വാറന്റീൻ ഏർപ്പെടുത്താമെന്ന ധാരണയിൽ നാലരയോടെയാണ് കാലിക്കടവിൽ നിന്ന് പിന്നീട് ബസ്സുകൾ യാത്രതിരിച്ചത്. വിദേശത്തുനിന്നെത്തുന്നവർ ഏഴുദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയണമെന്നാണ് സർക്കാർ നിർദ്ദേശം. തൃക്കരിപ്പൂർ, പിലിക്കോട്, നീലേശ്വരം നഗരസഭ, മടിക്കൈ, ഈസ്റ്റ് എളേരി, കാഞ്ഞങ്ങാട് നഗരസഭ, അജാനൂർ, പുല്ലൂർ പെരിയ, ഉദുമ, ചെങ്കള, കാറഡുക്ക, മംഗൽപാടി, പനത്തടി എന്നിവിടങ്ങളിലുള്ളവരാണ് ബസ്സിലെത്തിയത്. ഇതിൽ രണ്ടുപേരെ പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് ഒരുക്കിയ ക്വാറന്റീനിലും മൂന്നുപേരെ നീലേശ്വരത്തും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കാഞ്ഞങ്ങാട്ടെത്തിച്ചശേഷം അതത് തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ക്വാറന്റീൻചെയ്തു.

പ്രവാസികൾ വരുന്ന വിവരം വിമാനത്താവളങ്ങളിൽ നിന്ന് നേരത്തെ ലഭിക്കുന്നില്ലെന്ന് റവന്യൂ, ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ജില്ലാ അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ വാഹനമെത്തുമ്പോഴാണ് പലപ്പോഴും ഇക്കാര്യം അറിയുന്നത്. ഇതുകാരണം വലിയ പ്രയാസം നേരിടുന്നതായി അധികൃതർ പറഞ്ഞു.

കാലിക്കടവിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രവാസികളുമായി രണ്ടും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായി മൂന്നും കെ.എസ്.ആർ.ടി.സി. ബസ്സുകളെത്തിയപ്പോൾ റവന്യൂ, ആരോഗ്യവകുപ്പ് ജീവക്കാരുടെ കുറവ് ശ്രദ്ധിക്കപ്പെട്ടു. ഒരു റവന്യൂ ജീവനക്കാരനും ഒരു സ്റ്റാഫ് നഴ്‌സും രണ്ട് സന്നദ്ധപ്രവർത്തകരും മാത്രമാണ് പരിശോധനാ കേന്ദ്രത്തിലുള്ളത്. എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ വലിയൊരു വിഭാഗം ആരോഗ്യ പ്രവർത്തകർ പരീക്ഷാ കേന്ദ്രങ്ങളിലാണെന്ന് അധികൃതർ പറഞ്ഞു.

No comments