JHL

ജനജീവിതം സാധാരണ നിലയിലേക്ക് ; ബസുകളും ഓടിത്തുടങ്ങി

കുമ്പള(True News 21 May 2020): ലോക്ക് ഡൌൺ പൂർണ്ണമായി പിൻ വലിച്ചില്ല എങ്കിലും ഇളവുകൾ നൽകിത്തുടങ്ങിയതോടെ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങിട്ടതുടങ്ങുന്നു. വ്വ്യാഴാഴ്ച  കെ.എസ്‌.ആർ.ടി.സി ബസ്സുകളും ഏതാനും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങി. കാസർഗോഡ് തലപ്പാടി റൂട്ടിലാണ് ബസുകൾ ഓടിയത്. എന്നാൽ കുമ്പള ബദിയടുക്ക റൂട്ടിൽ ബസുകളൊന്നും സർവ്വീസ് നടത്തിയില്ല. ഓട്ടോറിക്ഷകൾ സാധാരണ പോലെ സർവ്വീസ് നടത്തി. ലോക്ക് ഡൗൺ പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചാണ് സർവീസ് നടത്തുന്നത്.
ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് ഏഴുവരെ കടകള്‍ തുറക്കാനുള്ള അനുമതി വന്നതോടെ നഗര പ്രദേശങ്ങളില്‍ തിരക്കും ഏറി.
പെരുന്നാൾ അടുത്തതോടെ ആളുകൾ കൂട്ടത്തോടെ എത്തുന്നില്ല എങ്കിലും അങ്ങിങ്ങായി തിരക്ക് അനുഭവപ്പെടുന്നു. ചെരുപ്പ് കടകളിലും വസ്ത്ര കടകളിലും  ചെറിയ തോതിൽ  നടക്കുന്നുണ്ട്.
സ്വര്‍ണ്ണക്കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം, സ്പോര്‍ട്സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. ഹെയര്‍കട്ടിങ്, ഹെയര്‍ ഡ്രസിങ്ങ് തുടങ്ങിയ പ്രവൃത്തികള്‍ എ.സി. ഉപയോഗിക്കാതെ നടത്തണം. രണ്ടിലധികം ആളുകള്‍ ഒരേ സമയം പാടില്ല. ഇവിടെത്തുന്നവരുടെ പേരു വിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. കോവിഡ് ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം, ശ്വാസ തടസം എന്നിവ ഉള്ളവര്‍ ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കണം. ബാര്‍ബര്‍മാര്‍ ഗ്ലൗസ് ഉപയോഗിക്കണം. പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഈ നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. കണ്ണട ഷോപ്പുകളില്‍ ജീവനക്കാര്‍ സാനിറ്റര്‍ ഉപയോഗിക്കണം. ദിവസവും ഷോപ്പ് അണുവിമുക്തമാക്കണം. കണ്ണട വില്‍പന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.
ഫോട്ടോ സ്റ്റുഡിയോ ഷോപ്പുകള്‍ തുറക്കാം. അടച്ചിട്ട മുറിയില്‍ ഫോട്ടോ എടുക്കരുത്. രോഗവ്യാപന സാധ്യതയുള്ളതിനാല്‍ മെയ്ക്ക്അപ് മുറികള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം
മൊബൈല്‍ ഷോപ്പ് എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി. തുണിക്കടകള്‍, ബഹുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം. എ.സി. ഉപയോഗിക്കരുത്. തുണി കടകളില്‍ ഡ്രസിങ് റൂം ഉപയോഗിക്കരുത്. ചെരുപ്പുകടകള്‍, ഫാന്‍സി കടകള്‍, കമ്പ്യൂട്ടര്‍ ഷോപ്പുകള്‍ തുറക്കാം. ഹോട്ടലുകള്‍ക്ക് പാഴ്സല്‍ വിതരണത്തിനും ഹോം ഡെലിവറിക്കും മാത്രം അനുമതി. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല. ഉപാധികളോടെ പാഴ്‌സല്‍ അനുവദിക്കും. ഐസ് ക്രീം പാര്‍ലറുകള്‍ ജ്യൂസ് കടകള്‍ തുടങ്ങിയവ തുറക്കരുത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ അനുമതിയുള്ള തട്ടുകടകള്‍ക്ക് തുറന്ന് പാഴ്സല്‍ വിതരണത്തിന് മാത്രം അനുമതി.
കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭകളിലെ മത്സ്യ മാര്‍ക്കറ്റുകള്‍ നിലവിലുള്ള സ്ഥിതി തുടരണം. മത്സ്യവില്‍പ്പനയിലും മാസ്‌ക്, കയ്യുറ, സാനിറ്റൈസര്‍ ഉപയോഗം നിര്‍ബന്ധമാണ്.
നിലവിലെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രമേ പ്രവൃത്തിക്കാവു. വാണിജ്യ/വ്യാപാര സ്ഥാപനങ്ങളില്‍ ശുചിമുറികള്‍ ഉള്‍പ്പെടെ അണുവിമുക്തമാക്കണം.

ഇതിനിടെ മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ബുധനാഴ്ച  330  പേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ നിന്ന് 500 രൂപാ വീതം 165,000 രൂപ പിഴ ഈടാക്കി.നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന്  ജില്ലയില്‍ ഇതുവരെ 2356 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3003 പേരെ അറസ്റ്റ് ചെയ്തു. 955 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ മാത്രം (മെയ് 20) നാല് കേസുകളാണ്  രജിസ്റ്റര്‍ ചെയ്തത്. മഞ്ചേശ്വരം - 2, വിദ്യാനഗര്‍ - 1, ഹോസ്ദുര്‍ഗ് -1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി മൂന്ന്  പേരെ അറസ്റ്റ് ചെയ്തു. നാല് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

No comments