JHL

JHL

എസ്. എസ്. എൽ. സി. ഹയർസെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് നാകാനായി മാസ്കുകൾ എത്തി ; പരീക്ഷാർഥികളായ ജില്ലയിലെ മുഴുവൻ പേർക്കും മാസ്ക്കുകൾ വീട്ടിലെത്തിക്കും

കാസറഗോഡ് (True News 23 May 2020): പൊതു പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു നൽകുന്നതിനായി അരലക്ഷത്തിലേറെ മാസ്ക്കുകൾ ജില്ലയിൽ എത്തിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് സമഗ്ര ശിക്ഷാ പ്രവർത്തകർ കണ്ണൂരിൽ നിന്നു മാസ്ക്കുകൾ എത്തിച്ചത്. 26നു ആരംഭിക്കുന്ന എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാർഥികളായ ജില്ലയിലെ മുഴുവൻ പേർക്കും മാസ്ക്കുകൾ വീട്ടിലെത്തിക്കും. എസ്എസ്കെയിലെ ട്രെയിനർമാ‍ർ, സിആർസി കോഓർഡിനേറ്റർ ഉൾപ്പെടെയുള്ളവരുടെ സംഘമാണ് പഞ്ചായത്തുകളിലേക്ക് മാസ്ക്കുകൾ എത്തിക്കുന്നത്.

ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആശങ്കയോടെയാണ് പരീക്ഷ എഴുതാൻ എത്തുന്നത്. രോഗവ്യാപന സാധ്യതകൾ പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി മാസ്ക്കുകൾ നേരിട്ട് വീട്ടിലെത്തിക്കാൻ 7 ബിആർസികളിലെ ജീവനക്കാർക്കൊപ്പം ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും കൈകോർക്കുന്നു. പരീക്ഷാകേന്ദ്രത്തിൽ എത്തുന്നവർ വീട്ടിൽ നിന്നു തന്നെ മുഖാവരണവും ധരിച്ച് പോകുമെന്ന് ഉറപ്പു വരുത്തും.

ഇതോടൊപ്പം സുരക്ഷാമാർഗനിർദേശ നോട്ടിസുകളും വിദ്യാർഥികൾക്കു നൽകുന്നുണ്ട്. ഓരോ വാർഡ് പരിധിയിൽ നിന്നു പരീക്ഷ എഴുതുന്നവരുടെ പട്ടിക കുടുംബശ്രീ എഡിഎസ് അധ്യക്ഷയുടെ നേതൃത്വത്തിൽ തയാറാക്കി പഞ്ചായത്ത് അംഗങ്ങൾക്കു കൈമാറും. ഇതു പ്രകാരം ഓരോ വാർഡിലേക്കും ആവശ്യമായ മാസ്ക്കുകൾ സമഗ്ര ശിക്ഷ ലഭ്യമാക്കും.

25ന് രാവിലെ 10 മുതൽ ജില്ലയിലെ മുഴുവൻ പഞ്ചായത്ത് ഓഫിസുകളിലും കുടുംബശ്രീ പ്രതിനിധികൾക്ക് ബിആർസി പരിശീലകർ മാസ്ക്കുകൾ കൈമാറും. ഉച്ചയോടെ ഓരോ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കു പരിധിയിൽ മാസ്ക് വിതരണം പൂർത്തിയാക്കുമെന്ന് സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ എം.കെ.വിജയകുമാർ അറിയിച്ചു.

No comments