JHL

JHL

കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രഥമ പ്രസിഡൻറ് സി.അഹമദ്‌ കുഞ്ഞി അന്തരിച്ചു

മഞ്ചേശ്വരം(True News 223 May 2020) : കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് സി അഹ്മ്മദ് കുഞ്ഞി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച്ച വൈകുന്നേരം 5 മണിയോടെ മഞ്ചേശ്വരത്തെ   സ്വവസതിയിൽ വെച്ചാണ് മരണപ്പെട്ടത്.
1995-2000 കാലയളവിൽ ഇദ്ദേഹമായിരുന്നു കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നത്. മുസ്ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ്, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മഞ്ചേശ്വരം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, പാണ്ടിയാൽ ജമാഅത്ത് പ്രസിഡന്റ്, മഞ്ചേശ്വരം യതീംഖാന സ്ഥാപക അംഗം, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, രണ്ടു തവണ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
പാർട്ടി നേത്രത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ലീഗിൽ നിന്നും തെറ്റിപിരിഞ്ഞ ഇദ്ദേഹം പിന്നീട് സിപിഎമ്മിൽ ചേർന്നു പ്രവർത്തിച്ചു. ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച പാലോളി മുഹമ്മദ് കുട്ടി കമ്മീഷനിൽ അംഗമായിരുന്നു.
പിന്നീട് സിപിഎമ്മിൽ നിന്നും രാജി വെച്ചു പൊതുരംഗത്ത് നിന്ന്  നിൽക്കുകയായിരുന്നു. തുടർന്ന് പുതുതായി രൂപംകൊണ്ട  വെൽഫെയർ പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്,  എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.  2018 ൽ വെൽഫെയർ പാർട്ടിയിൽ നിന്നും രാജി വെച്ചു മാതൃ സംഘടനയായ മുസ്ലിം ലീഗിൽ ചേരുകയായിരുന്നു. ലീഗ് അംഗമായി തുടരുന്നതിനിടയിൽ വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം.
മൃതദേഹം ശനിയാഴ്ച രാത്രി പത്തരയോടെ  പാണ്ടിയാൽ ജമാഅത്ത് ഖബർസ്ഥാനിൽ മറവ് ചെയ്തു.ഭാര്യ: ആമിനുമ്മ. ഏകമകൻ: അറഫാത്ത്. സഹോദരങ്ങൾ: സി.ഹുസ്സൈൻ, ആമിന, പരേതരായ സി.അബ്ദുൽ റഹ്‌മാൻ, സി.ഇബ്രാഹിം, അലിമുമ്മ.

സി.അഹ്മദ് കുഞ്ഞിയുടെ നിര്യാണത്തിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ ട്രഷറർ കല്ലട്ര മാഹിൻ ഹാജി രാജ്മോഹൻ ഉണ്ണിത്താൻ എംപി എം.എൽ.എ മാരായ എം.സി ഖമറുദ്ധീൻ എൻ.എ നെല്ലിക്കുന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ ജനറൽ സെക്രട്ടറി ടി.ഡി കബീർ, വെൽഫെയർ പാർട്ടി ജില്ലാ പ്രെസിഡൻറ് മുഹമ്മദ് വടക്കേക്കര, ജനറൽ സെക്രെട്ടറി അമ്പുഞ്ഞി തലക്കളായ് , ജില്ലാ വൈസ് പ്രെസിഡൻറ് മാരായ സി.എച്ച് മുത്തലിബ്, കെ. രാമകൃഷ്ണൻ, ജില്ലാ സെക്രെട്ടറി അബ്ദുല്ല ഉദുമ, ഫൗസിയ സിദ്ദീഖ്, മഞ്ചേശ്വരം മണ്ഡലം പ്രെസിഡൻറ് അബ്ദുല്ലത്തീഫ് കുമ്പള തുടങ്ങിയവർ അനുശോചിച്ചു.

No comments