JHL

JHL

ഹോട്ടലിലെ അതിക്രമം ; കുപ്രസിദ്ധ ഗൂണ്ട മഹേഷ് ബട്ടംപാറ റിമാൻഡിൽ

കാസർകോട്(True News 22 May 2020): കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നഗരത്തിലെത്തിയ ആരോഗ്യപ്രവർത്തകർ താമസിക്കുന്ന ഹോട്ടലിൽ അതിക്രമിച്ച് കയറി അടിച്ച് തകർക്കുകയും പോലീസിനെ കയ്യേറ്റം ചെയ്യുകയും ചെയ്ത നഗരത്തിലെ കുപ്രസിദ്ധ ഗൂണ്ട മഹേഷ് ബട്ടംപാറ റിമാൻഡിൽ.
കഴിഞ്ഞ ദിവസം രാതിയോടെയാണ് അതിക്രമം നടന്നത്.
 ഹോട്ടൽ മുറി അടച്ചു തകർക്കുകയും പിടികൂടാനെത്തിയ ടൗൺ സിഐയെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഒടുവിൽ പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.കൊലപാതകം ഉൾപ്പെടെ  ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബട്ടംപാറയിലെ സ്വദേശി മഹേഷാണ് (25)  മദ്യലഹരിയിൽ അക്രമം നടത്തിയത്. പരുക്കേറ്റ കാസർകോട് സിഐ സി.എ.അബ്ദുൽറഹീം ചികിത്സ തേടി.  കൊലക്കേസ് ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയായ മഹേഷ് മദ്യപിച്ച് ഹോട്ടലിൽ എത്തി മുറി ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ജില്ലയിലെ ആരോഗ്യപ്രവർത്തകർക്കായി സൗകര്യമൊരുക്കിയിരിക്കുന്ന ഹോട്ടലായതിനാൽ മുറിയില്ലെന്ന് ജീവനക്കാർ പറഞ്ഞപ്പോൾ റിസപ്ഷനിലെത്തി കയ്യിൽ കിട്ടിയ മുറിയുടെ താക്കോലുമായി രണ്ടാം നിലയിലേക്ക് ഓടി. ഇതേ നിലയിലാണ്  ആരോഗ്യപ്രവർത്തകർ താമസിക്കുന്നത്. ഇവിടെയെത്തിയ മഹേഷ് പല മുറികളുടെയും വാതിലുകൾ ചവിട്ടിപൊളിക്കാൻ ശ്രമിച്ചു. ബഹളം കേട്ടെത്തിയ ആരോഗ്യപ്രവർത്തകരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടർന്നു ഹോട്ടലിലെ 207ാം നമ്പർ മുറിയിൽ കയറിയ പ്രതി  ഫർണീച്ചറടക്കമുള്ള സാധനങ്ങളെല്ലാം അടിച്ചു തകർത്തു. അക്രമം കണ്ട് ഭയന്ന ആരോഗ്യപ്രവർത്തകർ ടൗൺ സ്റ്റേഷനിലേക്ക് വിവരമറിയിച്ചു. ടൗൺ സിഐയുടെ നേതൃത്വത്തിൽ ഹോട്ടലിലെത്തിയ പൊലീസ് സംഘത്തിനെയും മഹേഷ് ആക്രമിക്കാൻ ശ്രമിച്ചു. പ്രതിയെ കീഴ്പെടുത്തുന്നതിനിടെയാണ് സിഐയ്ക്ക് പരുക്കേറ്റത്.

കൊലപാതകവും കഞ്ചാവുകടത്തലുമടക്കം 17 ക്രിമിനൽ കേസുകളാണ് മഹേഷിന്റെ പേരിലുള്ളതെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിൽ ഹോട്ടലിൽ അതിക്രമിച്ച് കയറിയതിനും ഹോട്ടൽ ജീവനക്കാരെയും ആരോഗ്യപ്രവർത്തകരെയും ഭീഷണിപ്പെടുത്തിയതിനും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമായി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ മഹേഷിനെ റിമാൻ‍ഡ് ചെയ്തു.

No comments