JHL

JHL

ഈ കൊച്ചു കിണർ കവർന്നത് രണ്ട് സഹോദരങ്ങളുടെ ജീവൻ ; വിശ്വസിക്കാനാവാതെ നാട്ടുകാർ

ബന്തിയോട് (True News 28 May 2020):പൈവളിഗെ പഞ്ചായത്തിലെ കുണ്ടങ്കര-കനകപ്പാടി റോഡിൽ കുടാൽ മെർക്കളയ്ക്കടുത്ത് റോഡിന് താഴെയാണ് ഓടിട്ട ആ വീട്. തലങ്ങും വിലങ്ങും ടാറിട്ട റോഡുണ്ടെങ്കിലും ജനവാസം തീരെ കുറഞ്ഞ മേഖലയാണിത്. കുറ്റിക്കാടുകളാണ് റോഡുകൾക്കിരുവശവും. വഴിചോദിക്കാൻ പോലും ഒരാളെ കണ്ടുകിട്ടാത്ത സ്ഥലം. കർണാടകയ്ക്കടുത്തുള്ള ഈ ദേശത്ത് ഒറ്റപ്പെട്ടുകിടക്കുന്ന വീട്ടിലെ ആകെയുള്ള മൂന്ന് സഹോദരങ്ങളിൽ രണ്ടുപേരെയാണ് നിർഭാഗ്യം ബുധനാഴ്ച തട്ടിയെടുത്തത്, കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷിക്കാനിറങ്ങിയ നാരായണയെയും ശങ്കരയെയും.
“രാവിലെ ഏഴരയായിക്കാണും. ഞങ്ങൾ എല്ലാവരും ചേർന്ന് വീട്ടിൽ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് പശുക്കുട്ടി കിണറ്റിൽ വീണെന്ന് ഭാരതി വിളിച്ചുപറയുന്നതു കേട്ടത്” -ഈ വീട്ടിൽ അവശേഷിക്കുന്ന ഒരേയൊരു സഹോദരൻ മാധവ പറയുന്നു. മരിച്ച ശങ്കരയുടെ ഭാര്യയാണ് ഭാരതി. തൊട്ടടുത്തുള്ള തൊഴുത്തിൽ പശുവിനെ കറന്നശേഷം കുട്ടിയെ അഴിച്ചുവിട്ടതായിരുന്നു അവർ. തള്ളപ്പശു കരയുന്നതുകേട്ട് പുറത്തുവന്നു നോക്കിയപ്പോഴാണ് കുട്ടി കിണറ്റിൽ വീഴുന്നത് കണ്ടത്.

ആൾമറയില്ലാത്ത കിണറാണ്. പച്ചവല മൂടിയിട്ടുണ്ട്. വലയുടെ വിടവിലൂടെ നൂണ്ടുവീഴുകുകയായിരുന്നു. അതിനെ എവിടെയെങ്കിലും കെട്ടിയിട് എന്ന് അമ്മ ഭാഗി നേരത്തേ പറഞ്ഞിരുന്നു. ഒരു മാസം പ്രായമായ പശുക്കുട്ടിയാണ്. രാത്രി മുഴുവൻ കെട്ടിയിട്ടിരിക്കുകയായിരുന്നു. തുള്ളിക്കളിക്കേണ്ട പ്രായമല്ലേ എന്നുകരുതിയാണ് ഭാർഗവി കറവകഴിഞ്ഞ് അഴിച്ചുവിട്ടത്. ദിവസവും ചെയ്യുന്നതുമാണ്. നേരത്തെ വീട്ടിലുണ്ടായിരുന്ന പശു ഏറെക്കാലമായിട്ടും പ്രസവിക്കാഞ്ഞിട്ട് അതിനെ കൊടുത്ത് രണ്ടാഴ്ച മുമ്പ് കറവയുള്ളതിനെയും കുട്ടിയെയും വാങ്ങിയതായിരുന്നു.

“ഭാരതി ഒച്ചവെയ്ക്കുന്നത് കേട്ട് ശങ്കര ചാടിയിറങ്ങി കിണറ്റിനടുത്തേക്ക് ഓടി; നാരായണ പിന്നാലെയും. ശങ്കര ചെന്നപാടേ വല മാറ്റി. കയറെടുത്ത് ഒരറ്റം മരത്തൂണിൽ കെട്ടി പിടിച്ചിറങ്ങി. കഷ്ടിച്ച് നാലുമീറ്റർ ആഴം വരുന്ന കിണറ്റിൽ ഒരു മീറ്റർ വെള്ളം കാണും. കഴിഞ്ഞ കൊല്ലം കിണർ വൃത്തിയാക്കിയതുമാണ്. അതുകൊണ്ട് സംശയമൊന്നുമുണ്ടായില്ല. ഇറങ്ങി പശുക്കുട്ടിയെ ചേർത്തുപിടിച്ചപ്പോഴേക്കും അസ്വസ്ഥത തുടങ്ങി. അതുകണ്ടാണ് നാരായണ ഇറങ്ങിയത്. ശങ്കര ഇറങ്ങിയ അതേ കയർ പിടിച്ച്. നാരായണയ്ക്കും ഉടൻ ശ്വാസംമുട്ടലായി. അപ്പോഴേക്കും ചുറ്റുപാടുംനിന്ന് ആളുകൾ ഓടിക്കൂടിയിരുന്നു. അയൽവാസി നാഗേഷ് പിന്നാലെ ഇറങ്ങിയെങ്കിലും അസ്വസ്ഥത തോന്നി ഉടൻ തിരിച്ചുകയറി. മറ്റൊരാൾ ഏണിവെച്ച് ഇറങ്ങാൻ നോക്കിയെങ്കിലും അപകടസാധ്യത മണത്ത ആളുകൾ തടഞ്ഞു. ഞാൻ ഓടിച്ചെന്ന് വീട്ടുമുറ്റത്തുള്ള കിണറിന്റെ കയർ എടുത്തുകൊണ്ടുവന്ന് കിണറ്റിലേക്ക് ഇറക്കിക്കൊടുത്തു. ആ കയറിൽ പിടിക്കാൻ രണ്ടുപേരും ശ്രമിച്ചെങ്കിലും കഴിയാതെ കുഴഞ്ഞ് വെള്ളത്തിൽ വീഴുകയായിരുന്നു. പശുക്കുട്ടിമാത്രം തുഴഞ്ഞുനിന്നു” -മാധവ ഓർക്കുന്നു.

മറ്റൊരു അയൽവാസി സദാശിവ ഭണ്ഡാരി അഗ്നിരക്ഷാ സേനയിലും പോലീസിലും അറിയിച്ചു. സേന ഒമ്പതുമണിയോടെ സ്ഥലത്തെത്തി. അവർ ശ്വസനസഹായിയുമായി കിണറ്റിലിറങ്ങി. ഇരുവരെയും മുങ്ങിയെടുത്തു. വലയിൽ പൊതിഞ്ഞ് കരയ്ക്കുകയറ്റി. പശുക്കുട്ടിയെയും കരയ്ക്കെത്തിച്ചു. പുറത്തെത്തിച്ച ശങ്കരയെയും നാരായണയെയും കരയിൽ കിടത്തി. അപ്പോഴേക്കും പോലീസ് ആംബുലൻസ്‌ എത്തിച്ചിരുന്നു. അതിൽ കയറ്റി ഇരുവരെയും കാസർകോട് ജനറൽ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

ആൾമറയില്ലാത്തതാണെങ്കിലും ഇത്രയും ആഴം കുറഞ്ഞ കിണർ രണ്ടു ജീവനെടുത്തെന്ന് വിശ്വസിക്കാൻ പ്രയാസം. കുത്തനെ ചെരിവുള്ള പറമ്പാണ്. വീടിന്റെ താഴയാണ് കിണർ. കഷ്ടിച്ച് 50 മീറ്റർ അകലം. നടപ്പുവഴിയാണ് വീട്ടിൽനിന്ന് ഇവിടേക്ക്. വീട്ടാവശ്യത്തിനുള്ള വെള്ളം മുറ്റത്തെ കിണറ്റിൽനിന്നാണ് എടുക്കുന്നതെന്നതിനാൽ ഈ കിണർ കൃഷി ആവശ്യത്തിനേ ഉപയോഗിച്ചിരുന്നുള്ളൂ.

സ്‌റ്റേഷൻ ഓഫീസർ പി.വി.പ്രകാശ് കുമാർ, ടി.ജസ്റ്റിൻ, പി.അനൂപ്, ഐ.എം. രഞ്ജിത്ത്, എസ്.ജി.പ്രവീൺ, എ.ആർ.അനൂപ് എന്നിവരുൾപ്പെട്ട സംഘമാണ് ഉപ്പള അഗ്നിരക്ഷാസേനാ ഓഫീസിൽനിന്ന് വന്നത്. കുമ്പള പോലീസ് സബ് ഇൻസ്‌പെക്ടർമാരായ എ.സന്തോഷ് കുമാർ, കെ.പി.വി.രാജീവൻ എന്നിവർ മേൽനടപടികൾ സ്വീകരിച്ചു.

No comments