JHL

JHL

പ്രതിരോധത്തിന്റെ കോട്ടയൊരുക്കി കാർട്ടൂൺ മതിൽ കാസർകോട് ജി.യു.പി. സ്‌കൂളിൽ

കാസർകോട് (True News 30 May 2020):സോപ്പ് ഉപയോഗിക്കുക, മാസ്‌ക് ധരിക്കുക, അകലം പാലിക്കുക(എസ്.എം.എസ്.) എന്നീ മുദ്രാവാക്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കാർട്ടൂൺ ചുമർച്ചിത്രങ്ങൾ തയ്യാറായി. ബേക്കലിന്റെ നാട്ടിൽ കൊറോണയ്‌ക്കെതിരെ ബലമുള്ള കോട്ടതീർക്കുക എന്ന ലക്ഷ്യവുമായാണ് 10 കാർട്ടൂൺ കലാകാരന്മാരുടെ നേതൃത്വത്തിൽ കാർട്ടൂൺ മതിൽ തയ്യാറാക്കിയിരിക്കുന്നത്.

കേരള കാർട്ടൂൺ അക്കാദമിയുടെയും കേരള സാമൂഹികസുരക്ഷാ മിഷന്റെയും നേതൃത്വത്തിലാണ് ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി കാർട്ടൂൺ ചുമർച്ചിത്രങ്ങൾ വരച്ചത്.

കാർട്ടൂൺ അക്കാദമി സംസ്ഥാനത്തുടനീളം നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് മലബാറിലെ അവസാനത്തെ കാർട്ടൂൺമതിൽ കാസർകോട് ജി.യു.പി. സ്‌കൂളിൽ തീർത്തത്.

പ്രതിരോധത്തിന്റെ കാലം കാർട്ടൂണിന്റെ കരുത്ത് തെളിയിക്കാനുള്ള സന്ദർഭമാണെന്നും വിവിധ തൊഴിലുകൾ ചെയ്യുന്ന കാർട്ടൂൺ അക്കാദമി അംഗങ്ങളുടെ രാഷ്ട്രീയത്തിനപ്പുറത്തെ മാനവികതയുടെ സന്ദേശമാണ് ഈ ചിത്രങ്ങളെന്നും കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.

പ്രമുഖ കാർട്ടൂണിസ്റ്റുകളായ അനൂപ് രാധാകൃഷ്ണൻ, ഡാവിഞ്ചി സുരേഷ്, രതീഷ് രവി, സുഭാഷ് കല്ലൂർ, സജീവ് ശൂരനാട്, സുരേന്ദ്രൻ വാരച്ചാൽ, ഷാജി സീതത്തോട്, സനീഷ് ദിവാകരൻ, അലി ഹൈദർ എന്നിവരുടെ നേതൃത്വത്തിലാണ് ചുമർച്ചിത്രങ്ങളൊരുക്കിയിരിക്കുന്നത്.

പൂർത്തിയായ ചിത്രങ്ങൾ കളക്ടർ ഡോ. ഡി. സജിത് ബാബു നാടിന് സമർപ്പിച്ചു. ചടങ്ങിൽ സാമൂഹികസുരക്ഷാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജിഷോ ജെയിംസ്, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ കോ-ഓർഡിനേറ്റർമാരായ സി. രാജേഷ്, മുഹമ്മദ് അഷറഫ്, കാർട്ടൂൺ കലാകാരൻമാർ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ കലാകാരൻമാർക്കും കളക്ടർ മാസ്‌കും സാനിറ്റൈസറും നൽകി ജില്ലയുടെ സ്‌നേഹം അറിയിച്ചു.

No comments