JHL

JHL

പെരുന്നാൾ ദിനത്തിൽ കിടപ്പുരോഗികളെ സാന്ത്വനപ്പെടുത്തി മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ(True News 25 May 2020): വിവിധങ്ങളായ രോഗങ്ങളാൽ അവശത അനുഭവിക്കുന്ന മൊഗ്രാലിലെ  അമ്പതോളം കിടപ്പുരോഗികൾക്ക് സാന്ത്വനവുമായി മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ പെരുന്നാൾ ദിവസവും, തലേന്നും വീടുകളിൽ സന്ദർശനം നടത്തിയത് വേറിട്ടകാഴ്ചയും,  രോഗികൾക്ക് നേരിയ ആശ്വാസവുമായി.

 പുറംലോകവുമായി ബന്ധപ്പെടാനോ, ആഘോഷങ്ങളിൽ ഭാഗമാകാനോ കഴിയാതെ വിധിക്കുമുന്നിൽ പകച്ചുനിൽക്കുന്ന ജന്മനാ വൈകല്യമുള്ള യുവതി- യുവാക്കളാണ് ഇവരിൽ പലരും. കരളലിയിപ്പിക്കുന്ന കാഴ്ചകളും, വലിയ പാഠവുമായിരുന്നു ഈ സന്ദർശനം എന്ന്  ദേശീയവേദി പ്രവർത്തകർ പറയുന്നു. 80 നും 100 നും ഇടയിൽ പ്രായമുള്ള വാർദ്ധക്യസഹജമായ അസുഖം മൂലം കിടപ്പിലായവരും,  മാരകരോഗം ബാധിച്  ദുരിതം പേറുന്നവരും ഇവരിൽ ഉൾപെടും. ഇവർക്ക് ദേശീയവേദി  പെരുന്നാൾ കിറ്റും, ചികിത്സാ സഹായവും നൽകി സമാശ്വസിപ്പിച്ചു. ഇത്തരം രോഗികൾക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകാൻ ദേശീയ വേദിയുടെ സ്വാന്തനം പദ്ധതി പ്രയോജനപ്പെടുത്തുമെന്ന്  മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ അവരെ അറിയിച്ചു.

 നൂറു വയസ് പിന്നിട്ട മൊഗ്രാൽ റഹ്മത്ത് നഗറിലെ മുട്ട  അബ്ദുള്ളയെ സന്ദർശിച്ചു കൊണ്ടാണ് പരിപാടിക്ക് ദേശീയവേദി  തുടക്കം കുറിച്ചത്. കിടപ്പ് രോഗികൾക്കുള്ള പെരുന്നാൾ കിറ്റും, ചികിത്സ സഹായവും  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാർ, ദേശീയവേദി പ്രസിഡണ്ട് മുഹമ്മദ് അബ്‌കോയ്ക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഭാരവാഹികളായ ജാഫർ ടി കെ, എം എ മൂസ, പി എം മുഹമ്മദ് ടൈൽസ്, ഇബ്രാഹിം ഖലീൽ, വിജയകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ എ എം സിദ്ദീഖ് റഹ്മാൻ, ടി കെ അൻവർ, റിയാസ് മൊഗ്രാൽ, അഷ്‌റഫ്‌ പെർവാഡ് എന്നിവർ സംബന്ധിച്ചു.

No comments