JHL

JHL

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില്‍ നിന്നുവന്ന രണ്ട് മധൂര്‍ സ്വദേശികള്‍ക്കും ഗള്‍ഫില്‍ നിന്ന് വന്ന മടിക്കൈ സ്വദേശിക്കും

കാസര്‍കോട്(True News 26 May 2020):സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില്‍ നിന്നുവന്ന രണ്ട് മധൂര്‍ സ്വദേശികള്‍ക്കും ഗള്‍ഫില്‍ നിന്ന് വന്ന മടിക്കൈ സ്വദേശിക്കും.
 10 പേരുടെ ഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. പാലക്കാട് 29, കണ്ണൂർ 8, കോട്ടയം ആറ്, മലപ്പുറം എറണാകുളം അഞ്ച് വീതം, തൃശ്ശൂർ കൊല്ലം നാല് വീതം, കാസർകോട് ആലപ്പുഴ മൂന്ന് വീതവും പോസിറ്റീവ് ആയി. 27 പേർ വിദേശത്ത് നിന്ന് വന്നു. തമിഴ്നാട് 9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കർണാടക 2, പോണ്ടിച്ചേരി, ദില്ലി ഒന്ന് വീതം. സമ്പർക്കം മൂലം ഏഴ് പേർക്കും രോഗം പിടിപെട്ടു.

മടിക്കൈ സ്വദേശി മെയ് 19ന് ഖത്തറില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ 38 വയസ്സുകാരനാണ്. ഗള്‍ഫില്‍ നിന്ന് വന്നത് മുതല്‍ കാഞ്ഞങ്ങാട് സര്‍ക്കാര്‍ ക്വാറന്റിനിലായിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ഉക്കിനടുക്ക ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എം.വി.രാംദാസ് അറിയിച്ചു.
ദമ്പതികളായ 28 വയസ്സുള്ള പുരുഷനും 25 വയസ്സുള്ള സ്ത്രീയും ആണ് മഹാരാഷ്ട്രയില്‍ നിന്നെത്തിയവര്‍. ഇവര്‍ മേയ് 22ന് മുംബൈയില്‍ നിന്ന് ബസില്‍ തിരിച്ച് പിറ്റേ ദിവസം തലപാടിയിലെത്തിയവരാണ്. രോഗലക്ഷണങ്ങള്‍ പ്രകടമായതിനാല്‍ ഇരുവരേയും 23 ന് തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ ജനറല്‍ ആശുപത്രിയില്‍ ഇവര്‍ ചികിത്സ തുടരും. കോവിഡ് സ്ഥിരീകരിച്ച് ഉക്കിനടുക്കയില്‍ ചികിത്സയിലായിരുന്ന 51 വയസുള്ള പൈവളികെ സ്വദേശിയും 49 വയസുള്ള കുമ്പള സ്വദേശിയും ഇന്ന് രോഗമുക്തി നേടി.

No comments