JHL

JHL

കോവിഡ് ഭേദമായ എരിയാലിലെ കുടുംബത്തിന്റെ വക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ

കാസർകോട്(True News 8 May 2020): : കോവിഡ് ഭേദമായ എരിയാലിലെ ഉമ്മത്ത് കോംബൗണ്ടിലെ  കുടുംബം ഒരു ലക്ഷം രൂപ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ എരിയാല്‍ പ്രദേശത്തെ ഈ കുടുംബത്തിലെ ആറു പേര്‍ക്കാണ് കോവിഡ് 19  സ്ഥിരീകരിച്ചത്. മാര്‍ച്ച് 16 ന് ദുബായിയില്‍ നിന്ന് വന്ന അലി അസ്‌കറിനാണ് മാര്‍ച്ച് 21 ന് ആദ്യമായി കോവിഡ് 19  സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് 27 ന് ഇദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമത്ത് സഹ്സിയക്കും പിന്നീട് അലി അസ്‌കറിന്റെ ഉമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. ഏപ്രില്‍ മൂന്നിന് അലി അസ്‌കറിന്റെ ജേഷ്ടന്റെ ഭാര്യ ജസീലയ്ക്കും പിന്നീട് ഏപ്രില്‍ ഏഴിന് ജസീലയുടെ എട്ടും പത്തും വയസ്സുള്ള രണ്ട് പെണ്‍ മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവരെ   അഞ്ച് പേരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അടുത്ത ബന്ധുക്കളുടെ ഉള്‍പ്പെടെ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും ഐസൊലേറ്റ് ചെയ്തു.ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും പല ഭാഗത്ത് നിന്നുണ്ടായപ്പോഴും സര്‍ക്കാറിന്റെ കരുതലും സഹായവും ഏറെ സന്തോഷം നല്‍കിയതായി' അസ്‌കറിന്റെ സഹോദരന്‍ മഹമൂദ് പറഞ്ഞു. 
കാസര്‍കോട്, കാഞ്ഞങ്ങാട് ആശുപത്രികളിലെ ഡോക്ടര്‍മാര്‍,  നഴ്സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരില്‍ നിന്ന് ലഭിച്ച സ്നേഹവും  ഇവര്‍ നല്‍കിയ ആത്മധൈര്യവും ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തതാണന്ന് ഈ കുടുംബം സാക്ഷ്യപ്പെടുത്തുന്നു. കുടുംബ ട്രസ്റ്റായ ഉമ്മത്ത് ഫൗണ്ടേഷന് കീഴില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും ജില്ലയിലെ ആവശ്യത്തിനായി സാനിറ്റൈസറും നൽകുകയും ഇത് കൂടാതെ നാട്ടിലെ 1000 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റും  വിതരണം ചെയ്തു. ജില്ലയിലെ കോവിഡ് നിയന്ത്രണപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയ ജില്ലാ കളകറ്റര്‍ ഡോ. ഡി. സജിത്   ബാബു, ഐ.ജി വിജയ് സാഖറെ, സ്പെഷ്യല്‍ ഓഫീസര്‍ അല്‍കേശ് ശര്‍മ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.വി രാംദാസ്, ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍, ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു, ജില്ലയിലെ ഉദ്യോഗസ്ഥര്‍, സര്‍ക്കാറിന്റെ നിയന്ത്രണവുമായി സഹകരിക്കുന്ന ജനങ്ങള്‍ തുടങ്ങി എല്ലാവരോടും ഈ കുടുംബം നന്ദി അറിയിച്ചു.



 

No comments