JHL

JHL

500 ഭക്ഷ്യ കിറ്റുകൾ, അടിയന്തിര ചികിത്സാ സഹായം, സൗജന്യമായി മരുന്നും മാസ്കുകളും, പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യം: ഉറവ വറ്റാത്ത സേവന പാതയിൽ മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ(True News 19 May 2020: കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി കലാ- സാമൂഹ്യ-സാംസ്കാരിക- വിദ്യാഭ്യാസ -ജീവകാരുണ്യ മേഖലകളിൽ മൊഗ്രാൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന സംഘടനയാണ് മൊഗ്രാൽ ദേശീയവേദി.

 മൊഗ്രാൽ പ്രദേശവാസികൾ ജാതി- മത -രാഷ്ട്രീയ ഭേദമന്യേ നെഞ്ചിലേറ്റിയ സംഘടനയാണ് മൂന്നുപതിറ്റാണ്ട് പിന്നിടുന്നത്. ഈ കോവിഡ് കാലത്ത് സംഘടന തുടക്കം മുതലേ സ്വയം സന്നദ്ധമായി നാട്ടുകാരുടെ പ്രയാസം ദൂരീകരിക്കുന്നതിന് മുന്നിട്ടിറങ്ങുകയായിരുന്നു. മൊഗ്രാലിൽ ഒരു കുടുംബവും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശത്തോടെ തന്നെ ദേശീയവേദി ഗൾഫ് പ്രതിനിധികളുടെയും, നാട്ടുകാരുടെയും, വ്യവസായ പ്രമുഖരുടെയുമൊക്കെ സഹായ സഹകരണത്തോടെയാണ് ഭക്ഷണസാധനങ്ങളടങ്ങിയ 500ഓളം കിറ്റുകൾ ജാതി-മത ഭേദമന്യേ നാല് ഘട്ടങ്ങളിലായി പാവപ്പെട്ടവർക്കും, ലോക്ക്ഡൗണ് കാരണം ഏറെ ദുരിതത്തിലായ ഇടത്തരം കുടുംബങ്ങൾക്കും, പ്രവാസി കുടുംബങ്ങൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും വിതരണം ചെയ്തത്. ഇപ്പോഴും അത് തുടരുകയാണ്. നേരത്തെ ഭക്ഷണ കിറ്റുകൾ കോവിഡിന്റ  ഭാഗമായിരുന്നുവെങ്കിൽ ഇപ്പോൾ അത് റംസാൻ റിലീഫിന്റെ ഭാഗമായി നൽകി വരുന്നു.

 പ്രവാസികളുടെ സങ്കടങ്ങൾ തിരിച്ചറിഞ്ഞ് കോവിഡ് നിയന്ത്രണങ്ങൾക്ക് മുൻപേ നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികൾക്ക് ക്വാറന്റൈൻ സംവിധാനവും ദേശീയ വേദി ഒരുക്കിക്കൊടുത്ത് മാതൃകയായി. അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ച് കൊടുത്തും, തൊഴിലും കൂലിയും ഇല്ലാത്തവർക്ക് അത്യാവശ്യഘട്ടത്തിൽ ആശുപത്രിയിൽ പോകാൻ അടിയന്തര ചികിത്സാ സഹായം നൽകിയും, രോഗികളായവരെ ആശുപത്രിയിൽ എത്തിച്ചും, മരുന്നിന് ബുദ്ധിമുട്ടുന്നവർക്ക് സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകിയും, സൗജന്യമായി മാസ്ക്കുകൾ വിതരണം ചെയ്തും ഈ കോവിഡ് കാലത്ത് അശരണരുടെ അത്താണിയായി തുല്യതയില്ലാത്ത സേവന പാതയിൽ മൊഗ്രാൽ ദേശീയ വേദി മുന്നേറുകയാണ്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ റിലീഫ് പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ ദേശീയ വേദി ചെയ്തത്.

കിറ്റ് വിതരണത്തിന്റെ അഞ്ചാം ഘട്ടത്തിന്ടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സയ്യിദ് ജഹ്ഫർ തങ്ങൾ കുമ്പോൽ, സെക്രട്ടറി എം എ മൂസയ്ക്ക് കിറ്റ് നൽകി വിതരണോൽഘാടനം നിർവഹിച്ചു. പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ, ഇബ്രാഹിം ഖലീൽ, ജാഫർ ടി കെ, നാസിർ മൊഗ്രാൽ,  അൻവർ ടി കെ എന്നിവർ സംബന്ധിച്ചു.

No comments