JHL

JHL

ബിവറേജസ് ഔട്ട് ലെറ്റുകൾ തുറന്നു ; ഭീതിയോടെ മദ്യപാനികളുടെ കുടുംബങ്ങൾ

കാസര്‍കോട് (True News 28 May 2020)‌: 64 ദിവസത്തിന്‌ ശേഷം മദ്യശാലകള്‍ തുറന്നതോടെ രണ്ട് മാസം സമാധാനത്തോടെ ജീവിച്ച കുടുംബങ്ങൾ ഭീതിയിലായി. ജില്ലയിലെ എല്ലാ ഔട്ട് ലെറ്റുകളിലും ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തോടെ മദ്യപാനികള്‍ ഓടിയെത്തി. സാമൂഹ്യ അകലം പാലിച്ചും മാസ്‌ക്ക്‌ ധരിച്ചും സാനിട്ടൈസര്‍ ഉപയോഗിച്ച്‌ കൈകള്‍ ശുദ്ധമാക്കിയും എത്തിയ അവര്‍ നേര്‍ച്ചക്കാശുക്കൊടുത്ത്‌ തീര്‍ത്ഥം വാങ്ങുന്നതുപോലെ പണം കൊടുത്തു മദ്യമെടുത്തു. ഒറ്റത്തവണ മൂന്ന്‌ ലിറ്റര്‍ മദ്യം വാങ്ങാമെന്നതുകൊണ്ട്‌ അത്രയും തന്നെ എല്ലാവരും വാങ്ങി കക്ഷത്തും കൈകളിലുമായി അവര്‍ ഓടി അകന്നു. ചില സ്ഥലങ്ങളിൽ  'മാന്യന്മാരായ' മദ്യപാനികള്‍ ആളെ തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റ്‌ കൊണ്ട്‌ മുഖം മറച്ചിരുന്നു.
ജില്ലയില്‍ ബിവറേജസിന്റെ എട്ട്‌ ഔട്ട്‌ലറ്റുകളാണുള്ളത്‌. ഒരു ഗോഡൗണുമുണ്ട്‌. ഓന്‍പത്‌ ബാറുകളും 11 ബിയര്‍ ആന്റ്‌ വൈന്‍ പാര്‍ലറുകളുമുണ്ട്‌.
എല്ലായിടത്തും മദ്യം പാഴ്‌സലായാണ്‌ നല്‍കുക. എവിടെയും ഇരുന്നു മദ്യപിക്കാന്‍ അനുവാദമില്ല. ഓണ്‍ലൈനായി ആരംഭിച്ച മദ്യവ്യാപാരത്തിന്‌ ഇന്നലെ ആപ്പ്‌ തയ്യാറായുടന്‍ തന്നെ അതുപയോഗിച്ചു മദ്യം ബുക്ക്‌ ചെയ്യാന്‍ കാത്തിരുന്നവര്‍ ആദ്യമാദ്യം ബുക്ക്‌ ചെയ്‌തു. ഒരാള്‍ക്ക്‌ ഒരു തവണ മൂന്ന്‌ ലിറ്റര്‍ മദ്യം കിട്ടുമെന്നതു കൊണ്ട്‌ ബുക്കിംഗ്‌ എല്ലാം മൂന്ന്‌ ലിറ്ററിന്‌ തന്നെയായിരുന്നുവെന്ന്‌ ബിവറേജസ്‌ ഔട്ട്‌ലൈറ്റ്‌ അധികൃതര്‍ അറിയിച്ചു. ഇന്നു മദ്യം വാങ്ങിയവര്‍ക്ക്‌ ഇനി 4 ദിവസം കഴിഞ്ഞേ മദ്യം നല്‍കു. നേരത്തെ ബുക്ക്‌ ചെയ്‌ത 500 പേര്‍ക്കാണ്‌ ഒരു ദിവസം മദ്യം നല്‍കുക. ഇന്നലെ ബുക്ക്‌ ചെയ്‌തവരും ഇന്നു ബിവറേജസ്‌ തുറന്നുവെന്നറിഞ്ഞവരുമൊക്കെ രാവിലെത്തന്നെ ബിവറേജസ്‌ ഔട്ട്‌ലൈറ്റുകള്‍ക്ക്‌ മുന്നില്‍ സ്ഥാനം പിടിച്ചു. 9 മണിക്ക്‌ ബിവറേജസ്‌ ജീവനക്കാര്‍ എത്തി തെര്‍മല്‍ സ്‌ക്രീനിംഗ്‌ നടത്തിയാണ്‌ ഔട്ട്‌ലൈറ്റിലേക്ക്‌ പ്രവേശനമാരംഭിച്ചത്‌. തുടര്‍ന്ന്‌ സാനിട്ടൈസര്‍ ഉപയോഗിച്ചു ഹാന്റ്‌വാഷ്‌ ചെയ്‌തു. എല്ലാവരും മാസ്‌ക്കും ചിലര്‍ കൈയുറയും ധരിച്ചു ജാഗ്രതപാലിച്ചു. അതീവ ജാഗ്രതയുള്ളവര്‍ മാസ്‌ക്കിന്‌ മുകളില്‍ ഹെല്‍മറ്റും വെച്ചു. ബാറുകളിലും ബിയര്‍ ആന്റ്‌ വൈന്‍ ഷാപ്പുകളിലും പാഴ്‌സലായാണ്‌ മദ്യം നല്‍കുക. തിരക്കുണ്ടാകാതിരിക്കാനും ജാഗ്രത പാലിക്കുന്നെന്ന്‌ ഉറപ്പ്‌ വരുത്താനും എല്ലായിടത്തും പൊലീസ്‌ കാവലുണ്ട്‌. എക്‌സൈസ്‌ അധികൃതരും അതീവ ജാഗ്രത തുടരുന്നു.

കഴിഞ്ഞ രണ്ട് മാസമായി വളരെ സന്തോഷത്തിലായിരുന്നു കഴിഞ്ഞു കൂടിയതെന്ന് നാല് മക്കളുള്ള കുമ്പളയിലെ ഒരു വീട്ടമ്മ ട്രൂ ന്യൂസിനോട് പറഞ്ഞു. ഇത്രയും കാലത്തിനുള്ളിൽ മക്കൾക്ക് പിതാവുമായുള്ള ബന്ധം ഈ കാലയളവിലാണ് അനുഭവിച്ചത്. കുടുംബത്തിലെ സമാധാനമാണ് ഇതോട് കൂടി നഷ്ടപ്പെടാൻ പോകുന്നതെന്ന് ആ വീട്ടമ്മ പരിതപിക്കുന്നു.

No comments