JHL

JHL

ഉംപൂൺ ചുഴലിക്കാറ്റ് ; ജില്ലയിൽ ശക്തമായ മഴ തുടരുന്നു

കാസറഗോഡ് (True News 18 May 2020):അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ കാസറഗോഡ് ജില്ലയിലടക്കം  കനത്ത മഴ പെയ്യാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ‌ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പൊതുവേ കേരളത്തിൽ എമ്പാടും ഇന്നും ശക്തമായ മഴ തുടരാൻ തന്നെയാണ് സാധ്യത. ഇന്നലെ രാത്രി തെക്കൻ ജില്ലകളിൽ ഉൾപ്പടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലുമാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉംപുൺ (Amphan) ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ബംഗാൾ ഉൾക്കടലിലൂടെ നീങ്ങുന്നത്. കാറ്റ് ശക്തമായതിനാൽ ഇതിന്‍റെ ഗതിയിൽ വ്യത്യാസമുണ്ടാകുന്നുണ്ട്. നിലവിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ 'ഉംപുണി'ന് മണിക്കൂറിൽ 260 കിലോമീറ്റർ വരെ വേഗതയാണ് നിലവിലുള്ളത്. ഇതിന്‍റെ പ്രതിഫലനമായിട്ടാണ് കേരളത്തിലും ശക്തമായ കാറ്റും മഴയുമെത്തുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലും ശക്തമായ മഴയും കാറ്റും പെയ്യാൻ സാധ്യതയുണ്ട്. ചെന്നൈയുടെ വടക്കൻ ജില്ലകളിൽ ചുഴലിക്കാറ്റ് ഉഷ്ണതരംഗത്തിന് വഴിവച്ചേക്കാനും സാധ്യത കൽപിക്കപ്പെടുന്നു.

No comments