JHL

JHL

ഇതര സംസ്ഥാനങ്ങളിൽ നിന്ന് പാസില്ലാതെ നുഴഞ്ഞുകയറ്റം ; രോഗവ്യാപനത്തിന് സാധ്യത കൂട്ടുന്നു



മഞ്ചേശ്വരം (True News 13 May 2020): ലോക്ഡൗണിൽ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയവർ ഊടുവഴികളിലൂടെ അതിർത്തി കടക്കുന്നത് ആരോഗ്യവകുപ്പിനു തലവേദനയാകുന്നു. ആരോഗ്യ പരിശോധനയ്ക്ക് വിധേയമാകാതെ, മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്കു നാട്ടിലെത്താൻ സർക്കാർ സംവിധാനം ഒരുക്കിയതിനു ശേഷം നൂറോളം പേരാണു ജില്ലയിലേക്ക് അനധികൃതമായി എത്തിയത്.    അതിർത്തി പഞ്ചായത്തുകളിലാണ് കൂടുതൽ പേർ ഇങ്ങനെ എത്തിയത്. ജനജാഗ്രത സമിതികളും പഞ്ചായത്ത് അംഗങ്ങളും നൽകിയ വിവരത്തെ തുടർന്നു കുറേ പേരെ ആരോഗ്യവകുപ്പ് കണ്ടെത്തി ക്വാറന്റീനിൽ ആക്കിയിട്ടുണ്ടെങ്കിലും കണ്ടെത്താൻ കഴിയാത്തവരുമുണ്ട്. വീട്ടിൽ എത്തിയതിനു ശേഷം സ്വമേധയാ ആരോഗ്യപ്രവർത്തകരെ വിവരം അറിയിച്ചവരും ഉണ്ട്. കോവിഡ് രോഗം രൂക്ഷമായ തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് അടക്കം പാസില്ലാതെ ഊടുവഴികളിലൂടെ ആൾക്കാർ ജില്ലയിൽ എത്തിയെന്നത് കോവിഡ് ശാന്തമായ കാസർകോടിനെ ആശങ്കപ്പെടുത്തുന്നതാണ്.   സർക്കാർ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തവരെ മഞ്ചേശ്വരം തലപ്പാടി ചെക്പോസ്റ്റിൽ പരിശോധിച്ചാണു ജില്ലയിലേക്ക് കടത്തിവിടുന്നത്. എന്നാൽ നോർക്കയിൽ റജിസ്റ്റർ ചെയ്യാതെ, സാധനങ്ങളുമായി വരുന്ന ലോറികളിൽ കയറി അതിർത്തി വരെ എത്തിയ ശേഷം ഊടുവഴികളിലൂടെയാണ് അനധികൃതമായി എത്തിയവർ അതിർത്തി കടന്നത്.  മഞ്ചേശ്വരം മുതൽ ഈസ്റ്റ് എളേരി വരെയുള്ള 11 പഞ്ചായത്തുകൾ കർണാടകയുമായി അതിർത്തി പങ്കിടുന്നവയാണ്.  ഇതിൽ ബളാൽ, ഈസ്റ്റ് എളേരി പഞ്ചായത്തുകൾ ഒഴികെ ബാക്കി 9 പഞ്ചായത്തുകളിലേക്കും കർണാടകയിൽ നിന്ന് ഒട്ടേറെ റോഡുകളും ഊടു വഴികളുമുണ്ട്. കാസർകോട് കോവിഡ് രോഗികൾ വർധിച്ചപ്പോൾ അതിർത്തി റോഡുകളെല്ലാം കർണാടക അടച്ചെങ്കിലും ഒരാഴ്ച മുൻപ് ചെർക്കള- ജാൽസൂർ സംസ്ഥാനാന്തര പാത തുറന്നു. അതിനു ശേഷം 3 ദിവസം കാര്യമായ പരിശോധന ഉണ്ടായിരുന്നില്ല.  വൈകിട്ട് 6 നു ശേഷം രാവിലെ 7 വരെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നത്. അതിർത്തിയിലെ പല ചെറിയ റോഡുകളിലും പകൽ സമയത്ത് മാത്രമേ പരിശോധനയുള്ളൂ. അതു മനസ്സിലാക്കി രാത്രിയിലാണ് അധികം പേരും അതിർത്തി കടക്കുന്നത്.  
‌‌‌‌‌‌‌‌

No comments