JHL

JHL

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ വരവേറ്റ് തലപ്പാടി ; കർണാടകയിലെ വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഇന്നലെ എത്തിയ ഭൂരിഭാഗവും. ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നായി അടുത്ത ദിവസം തന്നെ മലയാളികൾ എത്തും

തലപ്പാടി (True News 5 May 2020): ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി കേരള അതിർത്തിയായ തലപ്പാടിയിൽ  ഒരുക്കിയ സഹായ കേന്ദ്രത്തിൽ എത്തിയത് 142 പേർ. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ ഒരുക്കിയ സഹായകേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കുകയാണ്. കാസർകോട് വഴി കേരളത്തിലെത്തുന്നതിനായി നോർക വഴി റജിസ്റ്റർ ചെയ്തത് 3528 പേരാണ്.
ഇതിൽ 858 പേർക്കാണ് ഇതുവരെ പാസ് നൽകിയത്. വിവിധ ചെക്ക് പോസ്റ്റുകൾ വഴി  കാസർകോട് ജില്ലയിലേക്ക് എത്തുന്നതിനു 858 പേർ അപേക്ഷിച്ചതിൽ 562 പേർക്ക് പാസ് നൽകിയതിൽ 85 പേർ വന്നു. കർണാടകയിലെ വിവിധ  കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഇന്നലെ എത്തിയ  ഭൂരിഭാഗവും. ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നായി അടുത്ത ദിവസം തന്നെ മലയാളികൾ എത്തും.നോർക്കയുടെ വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്തത് പ്രകാരം സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ നിശ്ചിത തിയതി ലഭിച്ചവരാണ് ഇവിടെയെത്തുന്നത്.   ഇതല്ലാതെ അടിയന്തര സാഹചര്യങ്ങളിൽ എത്തുന്നവർക്കും പ്രത്യേക റജിസ്റ്റർ ചെയ്യാനുള്ള സൗകര്യം അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.ഇവിടെ രേഖപ്പെടുത്തിയ സംസ്ഥാന അതിർത്തി രേഖക്കടുത്തായി സ്ഥാപിച്ച പൊലീസിന്റെ  ചെക്ക് പോസ്റ്റിൽ നിന്നാണ് കർണാടക അതിർത്തിയിലിറങ്ങി നടന്നു വരുന്നവർക്ക് ടോക്കൺ നൽകുന്നത്.   ടോക്കണിൽ ഹെൽപ് ഡെസ്‌ക്കിന്റെ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവിടെ നിന്നും കുറച്ചു മാറി സ്ഥാപിച്ച വിശാലമായ സഹായ കേന്ദ്രത്തിലേക്കാണ് സ്വദേശത്തേക്കെത്തുന്നവർ വരേണ്ടത്.  60 സഹായ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഇവിടേക്കെത്തുന്നവരുടെ എണ്ണത്തിനനുസരിച്ചു സഹായ കേന്ദ്ര കൗണ്ടറുകൾ വർധിപ്പിക്കും.ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുള്ളവരെ  മെഡിക്കൽ ഓഫിസർ പരിശോധിക്കുന്നതിന്  സൗകര്യം ഒരുക്കിയിട്ടുണ്ട്.അതിർത്തി കടന്നെത്തിയവർക്ക് പഴവും വെള്ളവും നൽകുന്നു.

No comments