JHL

JHL

അമിത് ഷാ എവിടെ ? ട്വിറ്ററിൽ മറുപടിയുമായി അമിത് ഷാ

ദില്ലി (True News 9 May 2020): രാജ്യം കോവിഡെന്ന വന്‍ പ്രതിസന്ധിയെ നേരിടുമ്പോള്‍ അമിത് ഷായെ കാണാനില്ലെന്ന വിമര്‍ശനം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അസാന്നിധ്യം ദേശീയ രാഷ്ട്രീയത്തില്‍ മാത്രമല്ല, സോഷ്യല്‍മീഡിയയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയിലും ആഭ്യന്തരമന്ത്രി മൌനത്തിലായിരുന്നു. ഇതോടെയാണ് അമിത് ഷായുടെ അസാന്നിധ്യത്തിന് പിന്നില്‍ അദ്ദേഹത്തിന്‍റെ അനാരോഗ്യമാണെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്.
രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് ചിത്രത്തിലുള്ളത്. മൊത്തം നിയന്ത്രണങ്ങളും മോദിയുടെ നേതൃത്വത്തില്‍ മാത്രം. അമിത് ഷാ കളത്തിന് പുറത്ത്. ഇതോടെ അമിത് ഷായെ മോദി മാറ്റിനിര്‍ത്തിയതാണെന്ന ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ കൊഴുത്തു. ഡല്‍ഹി കലാപത്തെ നേരിടുന്നതില്‍ അമിത് ഷായുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളാണ് ഈ മാറ്റിനിര്‍ത്തലിന് കാരണമെന്നും സോഷ്യല്‍മീഡിയ പറഞ്ഞു തുടങ്ങി. എന്നാല്‍ ഇതൊന്നുമല്ല, അമിത് ഷായുടെ അനാരോഗ്യമാണ് ഈ മാറിനില്‍ക്കലിന് കാരണമെന്നും അഭ്യൂഹങ്ങള്‍ പരന്നു. അമിത് ഷായ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്ന സമാജ്‍വാദി പാര്‍ട്ടി നേതാവിന്‍റെ ട്വീറ്റും ഈ അഭ്യൂഹത്തിന് ശക്തി പകര്‍ന്നു.
ഇതോടെയാണ് തന്‍റെ അസാന്നിധ്യത്തെ കുറിച്ച് അമിത് ഷാ ട്വിറ്ററിലൂടെ പ്രതികരിച്ചത്. താന്‍ അസുഖബാധിതനാണെന്ന അഭ്യൂഹങ്ങളെ പൂര്‍ണമായും തള്ളിയാണ് അമിത് ഷായുടെ പ്രതികരണം. താൻ പൂര്‍ണ ആരോഗ്യവാനാണെന്നും ആഭ്യന്തരമന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ അർപ്പണബോധത്തോടെ നിർവഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ പൂർണ ആരോഗ്യവാനാണ്, ഒരു രോഗവും ബാധിച്ചിട്ടില്ല. തന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും'' ഷാ പറഞ്ഞു. കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധി രാജ്യം അഭിമുഖീകരിക്കുകയാണെന്നും ഇതിന്‍റെ പശ്ചാത്തലത്തില്‍ താന്‍ തന്‍റെ ജോലികളിൽ തിരക്കിലാണെന്നും ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അവഗണിക്കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
“ഈ വിഷയം എന്റെ ശ്രദ്ധയില്‍പെട്ടപ്പോള്‍, കിംവദന്തികൾ പ്രചരിപ്പിക്കുന്ന ആളുകൾ അവരുടെ സാങ്കൽപ്പിക ചിന്തകൾ ആസ്വദിച്ചോട്ടെയെന്ന് ഞാൻ കരുതി. അതുകൊണ്ടാണ് ഞാൻ ഈ വിഷയത്തില്‍ പ്രതികരിക്കാതിരുന്നത്,” ഷാ പറഞ്ഞു. ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരും നേതാക്കളും ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ അഭ്യൂഹങ്ങൾ അവഗണിക്കാൻ തനിക്ക് കഴിയില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. "ഞാൻ പൂര്‍ണ ആരോഗ്യവാനാണ്, എനിക്ക് രോഗമില്ല." അമിത് ഷാ വ്യക്തമാക്കി. തന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുള്ളവരോട് നന്ദി അറിയിച്ച ആഭ്യന്തരമന്ത്രി കിംവദന്തികൾ പ്രചരിപ്പിക്കുന്നവരോട് തനിക്ക് യാതൊരു വിരോധവുമില്ലെന്നും വ്യക്തമാക്കി.

No comments