മൊഗ്രാൽപുത്തൂരിൽ കാർ തടഞ്ഞ് 65 ലക്ഷം രൂപ കവർന്ന സംഭവം; ഏഴരലക്ഷം രൂപയും പ്രതികൾ സഞ്ചരിച്ച കാറും പിടികൂടി.
കാസർകോട്(www.truenewsmalayalam.com) : മൊഗ്രാൽപുത്തൂരിൽ സ്വർണവ്യാപാരിയുടെ ഡ്രൈവറെ കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോയി കവർന്ന 65 ലക്ഷത്തിൽ ഏഴരലക്ഷം രൂപയും പ്രതികൾ സഞ്ചരിച്ച കാറും പിടികൂടി. പ്രതി തൃശ്ശൂർ താഴൂർ വടക്കശ്ശേരിയിലെ എഡ്വിൻ തോമസിന്റെ പൂച്ചട്ടിയിലെ വാടക ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കാസർകോട് ഇൻസ്പെക്ടർ പി. അജിത്കുമാറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രിയോടെയായിരുന്നു പരിശോധന. പോലീസ് എത്തുമ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. അലക്കു യന്ത്രത്തിനകത്ത് മോട്ടോർ ഘടിപ്പിച്ച ഭാഗത്താണ് പണം ഒളിപ്പിച്ചിരുന്നത്. മണ്ണുത്തിയിലെ വർക്ക് ഷോപ്പിൽനിന്നാണ് ചുവന്ന നിറത്തിലുള്ള കാർ കണ്ടെടുത്തത്.
ഫ്ളാറ്റിൽനിന്നും മൂന്ന് ജോഡി കൈയുറകളും കവർച്ചയ്ക്ക് ഉപയോഗിച്ചുവെന്നു കരുതുന്ന ഇരുമ്പായുധങ്ങളും കണ്ടെത്തി. മഹാരാഷ്ട്ര, തിരുവനന്തപുരം മാവേലിക്കര എന്നിവിടങ്ങളിലെ വ്യാജ രജിസ്‌ട്രേഷൻ നമ്പറുകൾ പതിച്ച മൂന്ന് നമ്പർ പ്ലേറ്റുകളും പോലീസ് പിടിച്ചെടുത്തു. കാർ തിങ്കളാഴ്ച കാസർകോട്ടെത്തിക്കുമെന്ന് പോലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച കോടതിയിൽ നൽകുമെന്ന് ഇൻസ്പെക്ടർ പറഞ്ഞു.
പ്രതികളിലൊരാളായ വയനാട് പനമരം അമൽടോമിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷമാകും കസ്റ്റഡിയിൽ വാങ്ങുക. തൃശ്ശൂർ എളംതുരുത്തി ബിനോയ് സി.ബേബി (25), വയനാട് പുൽപ്പള്ളി സ്വദേശി അനു ഷാജു (28) എന്നിവരാണ് മറ്റു പ്രതികൾ. പ്രതികളെ കസ്റ്റഡിയിലെടുത്തശേഷം ഇവരെ തൃശ്ശൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. 14 ലക്ഷം രൂപ വീതമാണ് ലഭിച്ചതെന്നും ഇത് വിവിധയിടങ്ങളിൽ ചെലവഴിച്ചതായും അറസ്റ്റിലായ പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എഡ്വിൻ തോമസ് ഉൾപ്പെടെ ഒൻപതുപേരെ കൂടി കിട്ടാനുണ്ടെന്നും പോലീസ് അറിയിച്ചു. സെപ്റ്റംബർ 22ന് ഉച്ചയ്ക്ക് 12 മണിക്കാണ് മൊഗ്രാൽ-പുത്തൂർ ദേശീയ പാതയിൽ സ്വർണവ്യാപാരിയുടെ ഡ്രൈവറായ രാഹുൽ മഹാജേവ് ജാവിർ ആക്രമിക്കപ്പെടുന്നത്.
Post a Comment