JHL

JHL

കവർച്ചയ്ക്കുപയോഗിച്ച കാർ നിറം മാറ്റാനായി വർക്ക്ഷോപ്പിൽ; 7.50 ലക്ഷം വാഷിങ് മെഷീനിലെ പ്രത്യേക അറയിൽ.

കാസർകോട്(www.truenewsmalayalam.com) : സ്വർണ വ്യാപാരിയുടെ ഡ്രൈവറെ തട്ടിക്കൊണ്ടു പോയി 65 ലക്ഷം രൂപ കവർന്ന കേസിൽ തൊണ്ടിമുതലായി 7.50 ലക്ഷം രൂപ കണ്ടെടുത്തു. ഒളിവിൽപോയ, കേസിലെ പ്രധാന പ്രതിയായ തൃശൂർ താഴൂർ വടക്കശ്ശേരിയിലെ എഡ്വിൻ തോമസിന്റെ പൂച്ചട്ടിയിലെ വാടക ഫ്ലാറ്റിൽ കാസർകോട് സിഐ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണു പണം കണ്ടെത്തിയത്. ഫ്ലാറ്റിലെ വാഷിങ് മെഷീനിലെ പ്രത്യേക അറയിലാണു പണം ഒളിപ്പിച്ചത്.

ഫ്ലാറ്റിൽ നിന്നു 3 ജോടി കയ്യുറകളും കവർച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തി. പ്രതികൾ നിർമിച്ച മഹാരാഷ്ട്ര, തിരുവനന്തപുരം മാവേലിക്കര എന്നിവിടങ്ങളിലെ വാഹന റജിസ്ട്രേഷൻ നമ്പറുകൾ അടങ്ങിയ 3 പ്ലേറ്റുകളും പിടിച്ചെടുത്തു. സംഘത്തിൽ തൃശൂർ, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണെന്നും കവർച്ച പണം പ്രതികൾ തുല്യമായി വീതിച്ചെടുത്തെന്നു എന്നാണു പൊലീസ് കരുതുന്നത്.

കവർച്ചയ്ക്കുപയോഗിച്ച കാർ നിറം മാറ്റാനായി വർക്ക്ഷോപ്പിൽ

പ്രതികൾ കവർച്ചയ്ക്കുപയോഗിച്ച ചുവന്ന നിറത്തിലുള്ള കാർ മണ്ണൂത്തിയിലെ വർക്ക് ഷോപ്പിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന്റെ നിറം മാറ്റാനാണു വർക്ക്ഷോപ്പിലേക്ക് മാറ്റിയത്. അന്വേഷണ സംഘം ഫ്ലാറ്റിൽ എത്തുമ്പോഴേക്കും എഡ്വിൻ തോമസ്  മുങ്ങിയിരുന്നു. ഇയാൾ കോയമ്പത്തൂർ ഭാഗത്തേക്കു രക്ഷപ്പെട്ടതായി പൊലീസ് കരുതുന്നു. അതേ സമയം കേസിൽ അറസ്റ്റിലായ 3 പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ നൽകും.

പ്രതിയായ അമൽ ടോമിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റു പ്രതികളായ ബിനോയ് സി. ബേബി (25), അനു ഷാജു (28) എന്നിവരാണു  ഇതുവരെ അറസ്റ്റിലായത്. 12 പ്രതികളാണ് കേസിലുള്ളത്.  പ്രതികളെ കസ്റ്റഡിയിൽ എടുത്ത  ശേഷം ഇവരെ തൃശൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിൽ അറസ്റ്റിലായ 3 പ്രതികൾക്ക് 14 ലക്ഷം രൂപ വീതമാണ് ലഭിച്ചത്.

ഇതു  വിവിധയിടങ്ങളിൽ ചെലവഴിച്ചുവെന്നാണു  പ്രതികൾ പൊലീസിനു മൊഴി നൽകിയത്. കഴിഞ്ഞ 22 നാണു ദേശീയപാത മൊഗ്രാൽപുത്തൂരിൽ വച്ച് മഹാരാഷ്ട്ര സ്വദേശിയായ രാഹുലിനെ തട്ടിക്കൊണ്ടു പോയി പണം കവർന്നത്. കവർച്ച ചെയ്തത് 65 ലക്ഷം രൂപ എന്നാണു പരാതിയെങ്കിലും മൂന്നര കോടിയോളം രൂപ കാറിലുണ്ടായിരുന്നുവെന്നാണു കരുതുന്നത്





No comments