കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാർക്ക് ഗോള്‍ഡൻ വിസ.
ദുബൈ(www.truenewsmalayalam.com) : ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും ജാമിഅഃ മര്‍കസ് ചാന്‍സലറുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാർ യു.എ.ഇ ഭരണകൂടം ഗോള്‍ഡൻ വിസ നല്‍കി ആദരിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. യു.എ.ഇയും ജാമിഅഃ മര്‍കസും തമ്മില്‍ നിലനില്‍ക്കുന്ന അന്താരാഷ്ട്ര ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തിയാണ് ആദരം.
വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം.
ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ കാന്തപുരം യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരോട് നന്ദി അറിയിക്കുന്നതായി കാന്തപുരം പറഞ്ഞു.
Post a Comment