JHL

JHL

ലക്ഷദ്വീപിനു വടക്കു ഭാഗത്തായി സ്ഥാപിച്ചിരുന്ന കാലാവസ്ഥാ നിരീക്ഷണ ബോയ കേരള തീരത്ത് ഒഴുകിയെത്തി.

കാസർകോട്(www.truenewsmalayalam.com) : ലക്ഷദ്വീപിനു വടക്കു ഭാഗത്തായി കേന്ദ്ര ഭൗമശാസ്ത്ര വിഭാഗം സ്ഥാപിച്ചിരുന്ന കാലാവസ്ഥാ നിരീക്ഷണ ബോയ കേരള തീരത്ത് ഒഴുകിയെത്തി. ഇതു വീണ്ടെടുക്കാൻ ഇന്നലെ രാത്രിയും കണ്ണൂർ, കാസർകോട് ജില്ലകളിൽ കോസ്റ്റൽ പൊലീസും കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ     തിരച്ചിൽ ഊർജിതമാക്കി. കണ്ടുകിട്ടിയാൽ മത്സ്യത്തൊഴിലാളികൾക്ക് ബോയ കെട്ടിവലിച്ചുകൊണ്ടുവരാമെന്നും പൂർണ ചെലവ് വഹിക്കാമെന്നും ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. കോസ്റ്റൽ പൊലീസിനു കീഴിൽ മത്സ്യത്തൊഴിലാളികൾ അംഗങ്ങളായുള്ള എഴുന്നൂറിലേറെ വാട്സാപ് ഗ്രൂപ്പുകളിൽ ബോയയുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ജൂലൈ മാസത്തിൽ ഈ ഉപകരണത്തിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായിരുന്നു. രാജ്യാന്തര സമുദ്രാതിർത്തിക്കു സമീപം കടലിൽ 4.2 കിലോമീറ്ററോളം ആഴമുള്ള ഭാഗത്ത് നങ്കൂരമിട്ടാണ് ബോയ സ്ഥാപിച്ചിരുന്നത്.
ചെന്നൈയിലെ നാഷനൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി(എൻഐഒടി)യാണ് പഠനാവശ്യങ്ങൾക്കായി ഒരു വർഷം മുൻപ് ഈ ‘ഓംനി’ ബോയ സ്ഥാപിച്ചത്. ഓരോ 3 മണിക്കൂറിലും വിവരങ്ങൾ ലഭിച്ചിരുന്നു. ഇപ്പോൾ സിഗ്നൽ ലഭിക്കുന്നില്ലെങ്കിലും വിവര ശേഖരണം നടത്തുന്നുണ്ടെന്നാണു കരുതുന്നത്. ഇതു വീണ്ടെടുക്കാനാണു ശ്രമം. മുകൾ ഭാഗത്തെ ചില സെൻസറുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഏതു സാഹചര്യത്തിലാണ് ബോയ നങ്കൂരത്തിൽ നിന്നു പൊട്ടി മാറിയത് എന്നു തുടങ്ങിയ കാര്യങ്ങൾ പിന്നീടു പരിശോധിക്കും. ഈ മാസം 5 മുതൽ ഉൾക്കടലിൽ ബോയ കണ്ടതായി വിവരങ്ങൾ പുറത്തു വന്നിരുന്നു. ഏതാനും ദിവസം മുൻപ് മലപ്പുറത്തെ മത്സ്യത്തൊഴിലാളികൾ ഇതു കണ്ടപ്പോൾ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

പിന്നീട് കോഴിക്കോട് വെള്ളയാംകല്ല് ഭാഗത്തു കണ്ടിരുന്നു. കണ്ണൂരിൽ നിന്നു മത്സ്യബന്ധനത്തിനു പോയവർ ബോയ കണ്ടെന്ന് സ്ഥിരീകരിക്കാത്ത സൂചനകളുണ്ട്. കടലിൽ വടക്കു ഭാഗത്തേക്കു ശക്തമായ നീരൊഴുക്കുള്ളതിനാൽ ബോയ കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരമേഖലയിൽ കണ്ടെത്താനാകുമെന്നാണ് വിലയിരുത്തൽ. ഉപകരണം വീണ്ടെടുക്കാൻ എൻഐഒടി അധികൃതർ കാസർകോടെത്തി. വിലപിടിപ്പുള്ള ഉപകരണങ്ങൾ അടങ്ങിയതിനാൽ ശ്രദ്ധയോടെ വേണം നിരീക്ഷണ ഉപകരണത്തെ കൈകാര്യം ചെയ്യാനെന്ന് അധികൃതർ പറഞ്ഞു. 

ഓംനി(OMNI) ബോയ

ഓഷ്യൻ  മൂർഡ് ബോയ നെറ്റ്‌വർക്ക് ഫോർ നോർത്ത് ഇന്ത്യൻ ഓഷ്യൻ എന്നാണു പൂർണ രൂപം. ചെന്നൈയിലെ നാഷനൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ നിന്ന് ഇത്തരം ബോയകളിൽ സെൻസറുകൾ സ്ഥാപിച്ച് കാറ്റിന്റെ വേഗം, ഗതി, ആർദ്രത, മഴ, അന്തരീക്ഷ മർദം, താപനില, സമുദ്രോപരിതലത്തിനടിയിലെ മാറ്റങ്ങൾ തുടങ്ങിയ വിവരങ്ങൾ  കൃത്യമായി ശേഖരിക്കുന്നുണ്ട്. അറബിക്കടലിൽ 5, ബംഗാൾ ഉൾക്കടലിൽ 7 എന്നിങ്ങനെ ആകെ 12 ബോയകളാണ് പഠനാവശ്യത്തിനായി ഇന്ത്യയിൽ ആഴക്കടലിൽ സ്ഥാപിച്ചിട്ടുള്ളത്. ഭൗമ ശാസ്ത്ര വിഭാഗത്തിന്റെ സമുദ്ര നിരീക്ഷണ പദ്ധതികളിൽ നിർണായകമായ ഘടകമാണിത്. 3 മീറ്ററോളം വ്യാസമുള്ള ഡിസ്ക് ആകൃതിയിലാണ് ബോയയുടെ രൂപം.


No comments