JHL

JHL

നവരാത്രി ആഘോഷങ്ങള്‍ക്ക്‌ നാളെ തുടക്കമാവുന്നു.

കാസര്‍കോട്‌(www.truenewsmalayalam.com) : മഹിഷാസുരനെ നിഗ്രഹിക്കാന്‍ ദേവി അവതരിച്ചതിന്റെ ഓര്‍മ്മ പുതുക്കി നവരാത്രി ആഘോഷങ്ങള്‍ക്ക്‌ നാളെ തുടക്കമാവുന്നു. കന്നിമാസത്തിലെ കറുത്തവാവ്‌ കഴിഞ്ഞ്‌ ഒമ്പതു ദിവസമാണ്‌ നവരാത്രി ആഘോഷിക്കാറ്‌. മഹിഷാസുരനിഗ്രഹത്തിനായി പാര്‍വ്വതി, ലക്ഷ്‌മീ, സരസ്വതി ദേവിമാര്‍ ചേര്‍ന്ന്‌ ദുര്‍ഗ്ഗാദേവിയായി രൂപം പൂണ്ട്‌ ഒമ്പതു ദിവസം വ്രതം അനുഷ്‌ഠിച്ച്‌ ആയുധ പൂജയിലൂടെ ശക്തിയാര്‍ജ്ജിച്ചുവെന്നാണ്‌ ഐതിഹ്യം.ജില്ലയിലെ പ്രധാന ദേവീക്ഷേത്രങ്ങളെല്ലാം നവരാത്രി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളിലാണ്‌. ആള്‍ക്കൂട്ടവും ആരവവും ഒഴിവാക്കി കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ്‌ ഉത്സവം നടക്കുക.തൃക്കണ്ണാട്‌ ത്രയംബകേശ്വര ക്ഷേത്രത്തില്‍ 14ന്‌ വാഹനപൂജ, 15ന്‌ വിദ്യാരംഭം എന്നിവ നടക്കും.പാലക്കുന്ന്‌ കഴകം ഭഗവതി ക്ഷേത്രത്തില്‍ എല്ലാദിവസവും സന്ധ്യക്കു ഭജന, 14ന്‌ രാവിലെ 7.30 മുതല്‍ വാഹനപൂജ 15ന്‌ രാവിലെ വിദ്യാരംഭം എന്നിവ നടക്കും.
ഉദയമംഗലം മഹാവിഷ്‌ണു ക്ഷേത്രത്തില്‍ 14 വരെ എല്ലാദിവസവും സന്ധ്യക്കു ഭജനഉണ്ടാകും. ഗ്രന്ഥപൂജക്കുള്ളഗ്രന്ഥങ്ങള്‍ 13ന്‌ വൈകിട്ട്‌ 6ന്‌ മുമ്പായി എത്തിക്കണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

ബേക്കല്‍ കുറുംബ ഭഗവതിക്ഷേത്രത്തിലെ നവരാത്രി ആഘോഷം തൊട്ടടുത്തരാമഗുരുസ്വാമി സമാധി മഠത്തിലാണ്‌ നടക്കുക. 14ന്‌ രാവിലെ 7 മുതല്‍ വാഹനപൂജ, 15ന്‌ രാവിലെ 8മുതല്‍ വിദ്യാരംഭം എന്നിവയും നടക്കും. കോട്ടിക്കുളം കുറുംബഭഗവതിക്ഷേത്രം, തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥിക്ഷേത്രം, മാങ്ങാട്‌ മോലോത്തുങ്കാല്‍ ബാലഗോപാലക്ഷേത്രം, ബാരമുക്കുന്നോത്ത്‌ കാവ്‌ ഭഗവതി ക്ഷേത്രം, കളനാട്‌ നന്ദാവര അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം, മല്ലം ശ്രീദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം, കൊറക്കോട്‌ ആര്യകാത്യായനി ക്ഷേത്രം തുടങ്ങി എല്ലാ ദേവീ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകള്‍, ഭജന എന്നിവ നടക്കും.നവരാത്രിയുടെ 9 ദിവസങ്ങളിലെ ആദ്യമൂന്നു ദിവസങ്ങളില്‍ പാര്‍വ്വതീ ദേവിയേയും അടുത്ത മൂന്നു ദിവസങ്ങളില്‍ ലക്ഷ്‌മീ ദേവിയെയും അവസാന മൂന്നു ദിവസങ്ങളില്‍ സരസ്വതി ദേവിയെയുമാണ്‌ ആരാധിക്കുന്നത്‌. നവരാത്രി പൂജയും വ്രതവും ഭക്തര്‍ക്ക്‌ ആയുരാരോഗ്യ സന്തോഷ സൗഭാഗ്യങ്ങള്‍ കൊണ്ടുവരുമെന്നാണ്‌ വിശ്വാസം.


No comments