JHL

JHL

പ്ലസ് വൺ, ഡിഗ്രി സീറ്റുകളുടെ അപര്യാപ്തത; ഫ്രറ്റേണിറ്റി കലക്ട്രേറ്റ് മാർച്ച് നാളെ.

കാസർകോട്(www.truenewsmalaylam.com) : വിദ്യാഭ്യാസം അവകാശമാണ്; ഔദാര്യമല്ല എന്ന മുദ്രാവാക്യം ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നാളെ കലക്ട്രേറ്റ് മാർച്ച് നടത്തും. പ്ലസ് വൺ പുതിയ ബാച്ചുകൾ അനുവദിക്കുക, എസ്.എസ്.എൽ.സി വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പഠനാവസരം ഉറപ്പാക്കുക, ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. 

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഗവ. കോളേജ് പരിസരത്തു നിന്ന്  മാർച്ച് ആരംഭിക്കും.  വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും.  ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തും.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് മലബാറിലുള്ള വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഉതകുന്ന വിധം സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നതായിരുന്നു 2021 ലെ എൽ.ഡി.എഫിൻ്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനനം. കൂടാതെ നിലവിലുള്ള സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ കോഴ്സുകളും അധിക ബാച്ചുകളും അനുവദിക്കും, വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമുള്ള ഇടങ്ങളില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുവദിക്കുമെന്നും പ്രകടന പത്രിക പറഞ്ഞിരുന്നു. ഈ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ  ആവശ്യപ്പെട്ടു. മാറി മാറി വരുന്ന സർക്കാറുകൾ ജില്ലയോട് കാട്ടിയ വിവേചന ഭീകരതയ്ക്ക് ശാശ്വത പരിഹാരം വേണമെന്നും നേതാക്കൾ അവശ്യപ്പെട്ടു.

ജില്ലയിൽ ഇത്തവണ 19,658 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി വിജയിച്ചു, എന്നാൽ പ്ലസ് വൺ, വി.എച്ച്.എസ്.ഇ, പോളിടെക്നിക്, ഐ.ടി.ഐ അടക്കം ജില്ലയിൽ ആകെ 15,935 സീറ്റുകളാണുള്ളത്. അർഹതയുണ്ടായിട്ടും 3,723 വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ജില്ലയിൽ സീറ്റ് ലഭിക്കില്ല. മതിയായ ബാച്ചുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ നിശ്ചിത ശതമാനം സീറ്റ് വർധിപ്പിച്ചും താൽക്കാലിക ബാച്ചുകൾ അനുവദിച്ചും നടത്തുന്ന ശ്രമം പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമല്ല. ഒരു ക്ലാസ്സ് മുറിയിൽ ശരാശരി 30 മുതൽ 35 വരെ വിദ്യാർത്ഥികളാണുണ്ടാവേണ്ടത്. എന്നാൽ നിലവിൽ ജില്ലയിൽ 50 മുതൽ 65 വരെ വിദ്യാർത്ഥികൾ  ഒരു ക്ലാസ്സിൽ ഞെരുങ്ങിയിരുന്ന് പഠിക്കേണ്ടി വരുന്നു,

ബില്ലിൽ +1സീറ്റ് വർധനവല്ല പുതിയ ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടത്. അതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളും ഹയർസെക്കണ്ടറിയായി ഉയർത്തണം. നിലവിലുള്ള മുഴുവൻ ഹയർ സെക്കണ്ടറി സകൂളുകളിലും സയൻസ് ബാച്ചുകൾ അനുവദിക്കണം. 

ഉന്നത വിദ്യാഭ്യാസ രംഗത്ത് കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണ്.  മെഡിക്കൽ കോളജ് പണി പൂർത്തിയാക്കി മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അവസരമുണ്ടാക്കുക, ലോ കോളജ്  യാഥാർത്ഥ്യമാക്കുക, ഗവ.എഞ്ചിനീറിംഗ്  കോളേജ് അനുവദിക്കുക, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ പോളിടെക്നിക് കോളജ്  സ്ഥാപിക്കുക, ജില്ലയിൽ കൂടുതൽ സർക്കാർ കോളേജുകൾ അനുവദിക്കുക, കൂടുതൽ ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകൾ അനുവദിക്കുക, പുതു തലമുറ കോഴ്സുകൾ ആരംഭിക്കുക എന്നീ ആവശ്യങ്ങളും ഫ്രറ്റേണിറ്റി ഉയർത്തുന്നു. 

വാർത്താ സമ്മേളനത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ്, വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ അമ്പൂഞ്ഞി തലക്ലായി, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറിമാരായ സന്ദീപ് പെരിയ, റാഷിദ് മുഹിയുദ്ധീൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ റാസിഖ് മഞ്ചേശ്വരം,ഇബാദ അഷ്റഫ്, ഷാഹ്ബാസ് കോളിയാട്ട് എന്നിവർ പങ്കെടുത്തു.


No comments