JHL

JHL

ജില്ലയിലെ തിരോധാന കേസ്; ഒരുമാസത്തിനിടെ 3 പേരെ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം.

കാസറഗോഡ്(www.truenewsmalayalam.com) : കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് സ്ത്രീകൾ ഉൾപ്പെടെ കാണാതായ മൂന്നു പേരെയാണ് ജില്ലയിലെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന തിരോധാന കേസുകളിൽ 6 മാസത്തിനകം ആളെ കണ്ടെത്താനാവാത്തവയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നത്.

2020 ൽ കാണാതായ 31 വയസ്സുകാരനായ കുമ്പള പെർവാഡ് സ്വദേശിയെ തമിഴ്നാട് ഹൊസൂർ നിന്നും, 2022 ൽ കാണാതായ മഞ്ചേശ്വരം ഖേരുകട്ടയിലെ 30 കാരിയെ ഉത്തർപ്രദേശിലെ ലക്നൗവിൽ നിന്നും, ഈ വർഷം ചന്തേരയിൽ നിന്നും കാണാതായ 23 വയസ്സുകാരിയെ ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

തിരോധാന കേസുകളുടെ അന്വേഷണം ഊർജിതമാക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി ഡോ: വൈഭവ് സക്സേന IPS കഴിഞ്ഞ വർഷമാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ശ്രീ വി കെ വിശ്വംഭരൻ നായരുടെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കുമ്പള എസ് ഐ അനീഷ് കുമാർ, എസ് ഐ മാരായ ശ്രീ. ലക്ഷ്മി നാരായണൻ, പ്രകാശൻ കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.ശ്രീജിത്ത് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

2022 വർഷത്തിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട 10 ഓളം തിരോധാന കേസുകൾ കണ്ടെത്തിയിരുന്നു. പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത് 6 മാസത്തിനകം ആളെ കണ്ടെത്താനായില്ലെങ്കിൽ ജില്ല ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി യുടെ നേതൃത്വത്തിലാണ് പിന്നീട് അന്വേഷണം നടത്തിവരുന്നത്.

No comments