JHL

JHL

ദേശീയ പാത നിർമാണ പ്രവൃത്തി; ജനങ്ങളുടെ ദുരിതമകറ്റാൻ തയ്യാറാകണം - എ.കെ.എം അഷ്റഫ് എം.എൽ.എ


 തിരുവനന്തപുരം(www.truenewsmalayalam.com) : ദേശീയപാത തലപ്പാടി-ചെങ്കള റീച്ചിലെ നിർമാണ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ, പ്രദേശവാസികളും പൊതുജനങ്ങളും നേരിടുന്ന ദുരിതത്തിന് പരിഹാരം കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഏറ്റവും വേഗതയിൽ പ്രവൃത്തി പുരോഗമിക്കുന്ന റീച്ചുകളിലൊന്നാണ് തലപ്പാടി-ചെങ്കള.എന്നാൽ എഴുപത്തിയഞ്ച് ശതമാനം പ്രവൃത്തികളും പൂർത്തിയായ തോടെ ജനങ്ങളുടെ ആശങ്കയും വർധിച്ചിട്ടുണ്ട്. 

നിർമാണത്തിലെ അശാസ്ത്രീയത കാരണം പ്രവൃത്തി പൂർത്തിയായ അടിപ്പാതകളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് വാഹന, കാൽനടയാത്രക്കാരെ ഒരു പോലെ ദുരിതത്തിലാക്കുന്നു. പാതയോരത്തെ വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും മഴവെള്ളവും,ചെളിയും ഒലിച്ചിറങ്ങുന്നത് വലിയ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.  

റോഡ് വികസനത്തിൻ്റെ ഭാഗമായി വീടും കെട്ടിടവും വിട്ടുനൽകിയവരുടെ നഷ്ടപരിഹാരം സംബന്ധിച്ചുള്ള നൂറ് കണക്കിന് പരാതികളാണ് ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുന്നത്. 

 നാടിൻ്റെ വികസനത്തിനായി കിടപ്പാടം വിട്ട് നൽകിയവരടക്കം യാതൊരു ഗതിയുമില്ലാതെ കലക്ട്രേറ്റ് പടികൾ കയറി ഇറങ്ങുകയാണ്.ആർബിട്രേഷൻ പൂർത്തിയാകാത്തതതിനാൽ മൊഗ്രാലിൽ നിർമാണം മുടങ്ങിയിക്കുകയാണ്. മഞ്ചേശ്വരം രാഗം പ്രദേശത്തെ ജനങ്ങൾ കഴിഞ്ഞ 115 ദിവസമായി സമരത്തിലാണ്.

സംസ്ഥാന അതിർത്തിയിലെ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരും ഗോവിന്ദ പൈ കോളജിലേക്ക് പോകുന്ന വിദ്യാർഥികൾക്കും അധ്യാപകരും മൂന്ന് കി.മീ. ചുറ്റി സഞ്ചരിക്കേണ്ടവരുന്നതും, പലയിടത്തും വിദ്യാർഥികൾ മതിൽ ചാടി കടക്കുന്നതും ദുരിതക്കാഴ്ചയാണ്.  

സ്കൂൾ, ആശുപത്രി, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സമീപം അടിപ്പാത, ഫൂട്ട് ഓവർ ബ്രിഡ്ജ് എന്നിവ നിർമിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നടപടി വേണം.

 ഉപ്പളയിലെ മേൽപ്പാലത്തിൻ്റെ നീളം വർധിപ്പിക്കാനും കാൽനട യാത്രക്കാരുടെ സുരക്ഷിതത്വത്തിന് സർവീസ് റോഡിനോട് ചേർന്ന് ബസ് വേ സൗകര്യം ഒരുക്കാനും തയ്യാറാകണമെന്ന് എം.എൽ.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

തലപ്പാടി - ചെങ്കള റീച്ചിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും ദേശീയ പാത അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയതായും, അടിപ്പാതകളിലെ വെള്ളം കെട്ടിക്കിടക്കുന്നത് അവസാന വട്ട മിനുക്ക് പണിയോടെ ഒഴിവാക്കാനാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വേഗത്തിൽ തീർപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

രാഗം ജങ്ഷനിൽ അടിപ്പാത അനുവദിക്കാനും, ഉപ്പളയിലെ മേൽപ്പാലത്തിൻ്റെ നീളം കൂട്ടാനും സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

രാഗം ജങ്ഷനിലും പെർവാഡും ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമിക്കുമെന്നും മന്ത്രി എ.കെ.എം അഷ്റഫ് എം.എൽ.എയെ അറിയിച്ചു.



No comments