JHL

JHL

വേണം വടക്കുളളവർക്കും വണ്ടി; കാസർകോട് റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ


കാസർഗോഡ്(www.truenewsmalayalam.com) : പുതുതായി അനുവദിച്ച ട്രെയിൻ കണ്ണൂർ വരെയാക്കിയ സാഹചര്യത്തിൽ കാസർകോട് റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ വ്യക്തമായ മാർഗ്ഗനിർദ്ദേശവുമായി എം പിക്ക് നിവേദനം നൽകി.

 കാസർകോട് MP ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ,ബഹു: റെയിൽവേ ചുമതലയുളള കേരള മന്ത്രി വി.അബ്ദുറഹ്മാൻ,ബഹു: മഞ്ചേശ്വരം , കാസർകോട്, ഉദുമ , കാഞ്ഞങാട്, തൃക്കരിപ്പൂർ MLA മാർ,ദക്ഷിണ റയിൽവേ ജന: മേനേജർ,പാലക്കാട് ഡിവിഷൻ മേനേജർ എന്നിവർക്കാണ് നിവേദനം നൽകിയത്. 

നിവേദനം ചുവടെ: 

കേരളത്തിന്റെ വടക്കേ അറ്റത്ത് കണ്ണൂരിനും മഞ്ചേശ്വരം/ മംഗളൂരുവിനും ഇടയിൽ ഹ്രസ്വദൂര ട്രെയിനുകൾ നന്നേ പരിമിതമാണ്.

ഇന്ത്യയുടെ പടിഞ്ഞാറൻതീരത്ത് മെമുവോ ജനശതാബ്ദിയോ ഓടാത്ത ഒരേയൊരു മേഖല കണ്ണൂറിനും മംഗലാപുരത്തിനും ഇടയിൽ ആണ്. മംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് 06478 എന്ന ഒരൊറ്റ ലോക്കൽ പാസഞ്ചർ വണ്ടി മാത്രമേയുള്ളൂ.

വടക്കൻ കേരളത്തിലെ ജനങ്ങൾ ബിസിനസ്, വിദ്യാഭ്യാസം, മെഡിക്കൽ മറ്റ് ആവശ്യങ്ങൾക്ക് ആശ്രയിക്കുന്ന രണ്ടു വൻ നഗരങ്ങളാണ് കോഴിക്കോടും മംഗലാപുരവും. 

ഈ രണ്ട് സ്ഥലങ്ങളും റെയിൽവഴി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും നിർഭാഗ്യവശാൽ ദിവസത്തിലെ നിർണായകസമയങ്ങളിൽ ട്രെയിനുകളില്ല.

കോഴിക്കോട്ടുനിന്ന് കണ്ണൂരിനപ്പുറം വടക്കോട്ടുള്ള അവസാന പ്രതിദിന ട്രെയിൻ 17.10നാണ്, ആ ട്രെയിനിന് ഒരു ജനറൽ കമ്പാർട്ട്മെൻറ് മാത്രമേയുള്ളൂ താനും.

 വാഗൺ ട്രാജഡിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് അതിലെ ജനറൽ കംപാർട്ട്മെൻ്റ് യാത്ര. അടുത്ത പ്രതിദിന ട്രെയിൻ എട്ട് മണിക്കൂറുകൾക്ക് ശേഷം മാത്രമാണ്. പിറ്റേന്ന് വെളുപ്പിന് 110 നുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്. 

 മലബാറിന്റെ വാണിജ്യ സാമൂഹ്യ തലസ്ഥാനമായതിനാൽ നിരവധി ആളുകൾ കോഴിക്കോട്ടേക്ക് നിത്യേന യാത്ര ചെയ്യുകയും അതേദിവസം വൈകീട്ട് മടങ്ങുകയും ചെയ്യുന്നു.

 എന്നാൽ, അത്യധികം സാഹസികമായി 17.10 നുള്ള നേത്രാവതി എക്‌സ്‌പ്രസിലെ യാത്ര ഒഴിവാക്കിയാൽ പിന്നെ ആ ദിവസം സൗകര്യപ്രദമായ ട്രെയിനില്ല.

യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് റെയിൽവേ ഷൊർണൂരിനും കണ്ണൂരിനുമിടയിൽ (17.35ന് കോഴിക്കോട്ടു നിന്ന് വടക്കോട്ട് എടുക്കുന്ന വിധത്തിൽ) പുതിയ ജോഡി ട്രെയിനുകൾ ആരംഭിച്ചു.

എന്നാൽ, നിർഭാഗ്യവശാൽ ഈ ട്രെയിനും അതിനുശേഷം ഓടുന്ന മറ്റ് മൂന്ന് ട്രെയിനുകളും കണ്ണൂരിൽ അവസാനിക്കുന്നു. കേരളത്തിൻ്റെ വടക്ക് ഭാഗത്ത് കണ്ണൂരിനും മംഗലാപുരത്തിനും ഇടയിൽ 17 സ്റ്റേഷനുകൾ കൂടിയുണ്ട്, ഈ പ്രദേശങ്ങളിൽ പ്രത്യേകിച്ച് കോഴിക്കോട്ടു നിന്ന് 17.10 മണിക്കൂറിന് ശേഷം യാത്ര ചെയ്യാൻ ഒറ്റ ട്രെയിനുമില്ല. 

അതിനാൽ പുതുതായി ആരംഭിച്ച 06301 ഷൊർണൂർ - കണ്ണൂർ ട്രെയിൻ മംഗലാപുരത്തേക്ക് നീട്ടേണ്ടത് അത്യാവശ്യമാണ്. 

മംഗലാപുരത്ത് സ്ഥലപരിമിതി ഉണ്ടെങ്കിൽ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ ആവശ്യത്തിന് സ്ഥലമുണ്ട്, അതിൽ മൂന്ന് പ്ലാറ്റ്ഫോമുകളും അധിക സ്റ്റേബിളിംഗ് ലൈനുകളും ഉണ്ട്. ലോക്കോ റണ്ണിംഗ് സ്റ്റാഫുകൾക്ക് വിശ്രമമുറി നിർമ്മിക്കാൻ മതിയായ സ്ഥലവുമുണ്ട്.

പുതുതായി അനുവദിച്ച ഷൊർണൂർ കണ്ണൂർ TOD സ്‍പെഷൽ ട്രെയിൻ കാസർകോട് വരെ നീട്ടാൻ റെയിൽവേ അധികൃതർ സമ്മതിച്ചതായി ഇന്നലെ വാർത്താ റിപ്പോർട്ടുകൾ കണ്ടു. 

എന്നാൽ കേരളത്തിൽ കാസർഗോഡ് നഗരത്തിന് വടക്കുള്ളവരും വിവിധ കാര്യങ്ങൾക്ക് കോഴിക്കോടിനെ ആശ്രയിക്കുന്ന ആളുകൾ ഉണ്ടെന്ന് ദയവായി മനസ്സിലാക്കുക.

താഴെ കാണിച്ചിരിക്കുന്ന നിർദ്ദേശം അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

06031 ഷൊർണൂർ-കണ്ണൂർ ട്രെയിൻ മഞ്ചേശ്വരത്തേക്ക് നീട്ടാവുന്നതാണ്. ഈ ട്രെയിൻ 19.10-ന് കണ്ണൂരിലെത്തുന്നുണ്ട്.

അത് 19.15-ന് കണ്ണൂരിൽ നിന്ന് വടക്കോട്ട് ഓടിക്കാം..

കണ്ണൂർ 19.15 

പയങ്ങാടി 19.35

പയ്യന്നൂർ 19.45

ചെറുവത്തൂർ 20.00

നീലേശ്വരം 20.10.

കാഞ്ഞങ്ങാട് 20.20.

കൊട്ടിക്കുളം 20.30

കാസർകോട് 20.40

കുമ്പള 20.50

മഞ്ചേശ്വരം 9.25 എന്ന സമയ ക്രമത്തിൽ.

തിരിച്ച് 06032 കണ്ണൂർ-ഷൊർണൂർ സ്പഷൽ ട്രെയിൻ മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കാം.

0605 മഞ്ചേശ്വരം

0615 കുമ്പള

0625 കാസർകോട് 

0633 കോട്ടിക്കുളം 

0645 കാഞ്ഞങ്ങാട് 

0655 നീലേശ്വരം

0702 ചെറുവത്തൂർ 

0714 പയ്യന്നൂർ

0805 കണ്ണൂർ (CAN-ൽ വന്ദേഭാരത് ഓവർടേക്) 

0825 തലശ്ശേരി 

0835 മാഹി

0850 വടകര

0910 കൊയിലാണ്ടി

0940 കോഴിക്കോട്

പിന്നീട് ഷൊർണൂർ വരെ ഇപ്പോഴത്തെ സമയം.

കൂടാതെ

16650 പരശുറാം എക്‌സ്‌സ് 15.50-ന് കോഴിക്കോട്ടെത്തി 17.00ന് ആണ് സ്‌റ്റേഷനിൽ നിന്ന് എടുക്കുന്നത്. ഒരുമണിക്കൂറിലധികം അവിടെ പിടിച്ചിടുന്നു.. ഇതുമൂലം കേരളത്തിൻ്റെ തെക്ക് നിന്ന് സംസ്ഥാനത്തിൻ്റെ വടക്കൻ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർ വലയുന്നു.

 നീലേശ്വരം കാഞ്ഞങ്ങാട്, കാസർകോട് തുടങ്ങിയ സ്റ്റേഷനുകളിൽ വൈകി എത്തുകയും മലയോരത്തുള്ള സ്വന്തം ഗ്രാമങ്ങളിലേക്ക് ബസ് പിടിക്കാൻ കഴിയാതെയും അവർ ബുദ്ധിമുട്ടുന്നു.

അതിനാൽ ഈ 16650 പരശുറാം എക്‌സ്‌പ്രസ് മുമ്പത്തെ പോലെ കോഴിക്കോട്ടുനിന്ന് 16.05 ന് തന്നെ വിടുക.

പകരം 1700 മണിക്ക് നിലവിലുള്ള 06481 കോഴിക്കോട്-കണ്ണൂർ ട്രെയിൻ കോഴിക്കോട് നിന്ന് പുറപ്പെടാം. ഈ ട്രെയിൻ 

(06481 കോഴിക്കോട് - കണ്ണൂർ) ഇപ്പോൾ കോഴിക്കോട് നിന്ന് പുറപ്പെടുന്നത് 

  14.05- നാണ്. 17.00 മണിക്ക് കണ്ണൂർ എത്തി തുടർന്ന്   

06469 കണ്ണൂർ ചെറുവത്തൂർ വണ്ടിയായി 18.35 ന് ചെറുവത്തൂരെത്തി അവിടെ ഹാൾട്ട്. പിറ്റേന്ന് രാവിലെ 6.10 ന് ചെറുവത്തൂർ - മംഗലാപുരം വണ്ടിയായി യാത്ര തുടരും.

ആ മൂന്ന് ട്രെയിനുകളും കൂട്ടിയോജിപ്പിച്ച് കോഴിക്കോട്-മഞ്ചേശ്വരം ട്രെയിനായി 1700ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 2100ന് മഞ്ചേശ്വരത്ത് എത്തി 2130ന് അവിടെ നിന്ന് തിരിച്ച് 22.45-ന് ചെർവത്തൂരിൽ എത്താമെന്നാണ് ഞങ്ങളുടെ നിർദേശം.

ഈ രണ്ടു നിർദ്ദേശങ്ങളും സ്വീകരിച്ച് തുടർ നടപടികൾ കൈകൊള്ളണമെന്ന് അഭ്യർഥിക്കുന്നു.

പ്രശാന്ത് R, President 

Nasar cherkalam general secretary 

Nizar Peruvad Secretary

Kasaragod railway passengers association


No comments