JHL

JHL

കാസർഗോഡ് കനത്ത മഴ തുടരുന്നു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു


കാസർകോട് (www.truenewsmalayalam.com 10 Aug 2019): ജില്ലയിൽ തുടരുന്നു കനത്ത മഴയിലും കാറ്റിലുമായി ജില്ലയിൽ 10 വീടുകൾ കൂടി ഭാഗികമായി തകർന്നു. തേജസ്വിനി പുഴ കരകവിഞ്ഞൊഴുകി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വിവിധ താലൂക്കുകളിലായി നിരവധി കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. റവന്യു, പൊലീസ്, ഫയർഫോഴസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വകുപ്പുകൾ ഏകോപിച്ചാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

രക്ഷാപ്രവർത്തനത്തിന് പ്രത്യേക പരിശീലനം നേടിയ മത്സ്യത്തൊഴിലാളികൾ സജ്ജരായിട്ടുണ്ട്. മഞ്ചേശ്വരം താലൂക്കിൽ മൂസോടി കടപ്പുറത്ത് കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് 9 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിയിരുന്നു. കുമ്പളയിൽ രണ്ടു കുടുംബങ്ങളെയും ചേരങ്കൈ കടപ്പുറത്തെ രണ്ട് കുടുംബങ്ങളേയും ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. സൗത്ത് തൃക്കരിപ്പൂർ വില്ലേജിൽ പുഴക്കരയിൽ താത്കാലിക ഷെഡിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളേയാണ് ഉടുമ്പന്തല അംഗൻവാടിയിലേക്ക് മാറ്റിയത്.
ഈസ്റ്റ് എളേരി, ബളാൽ കോടോംബേളൂർ, വെസ്റ്റ് എളേരി പഞ്ചായത്തുകളിൽ ചെങ്കുത്തായ കുന്നിൻ ചെരുവുകളിൽ അപകട ഭീഷണിയിൽ കഴിയുന്നവരോട് മാറി താമസിക്കാൻ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹൊസ്ദുർഗ് താലൂക്കിൽ നാലു വീടുകളാണ് പേമാരിയിൽ തകർന്നത്. അജാനൂർ വില്ലേജിൽ രണ്ട് വീടും ചിത്താരി വില്ലേജിലെയും കൊന്നക്കാട് വില്ലേജിലെയും ഒരോ വീടുകളുമാണ് മരം വീണ് ഭാഗികമായി തകർന്നത്. കയ്യൂർ വില്ലേജിൽ ചെറിയാക്കര, കയ്യൂർ, പൂക്കോട് എന്നിവിടങ്ങളിൽ പുഴ കവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറിയതിനാൽ 50 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവരെല്ലാവരും സമീപത്തുള്ള ബന്ധുവീടുകളിലേക്കാണ് മാറിയത്. ക്ലായിക്കോട് വില്ലേജിൽ വീടുകളിൽ വെള്ളം കയറിയതിനാൽ 14 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.
വെള്ളരിക്കുണ്ട് കോടോത്ത് വില്ലേജിൽ മണ്ണിടിഞ്ഞ് വീണ് കോൺക്രീറ്റ് വീട് ഭാഗികമായി തകർന്നു. കൊന്നക്കാട് മഞ്ചിച്ചാലിൽ പുഴ കവിഞ്ഞതിനെ തുടർന്ന് ഒറ്റപ്പെട്ട നാല് കുടുംബങ്ങളെയും അശോകച്ചാലിൽ ഒരു കുടുംബത്തെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
മഞ്ചേശ്വരം താലൂക്കിൽ മൂന്നു വീടുകൾ ഭാഗികമായി തകർന്നു. കോയിപ്പാടി, കയ്യാർ, എടനാട് വില്ലേജുകളിൽ ശക്തമായ കാറ്റിലും മഴയിലുമായി ഓടുമേഞ്ഞ മൂന്നു വീടുകളാണ് തകർന്നത്.
കാസർകോട് താലൂക്കിൽ ബേള വില്ലേജിൽ ശക്തമായ മഴയിൽ ഒരു വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. മുളിയാർ പാണൂരിൽ ഓടു മേഞ്ഞ വീടിന്റെ മേൽക്കൂരയും ഭാഗികമായി തകർന്നു. മുളിയാറിൽ റോഡിലേക്ക് മറിഞ്ഞു വീണ മരം ഫയർഫോഴ്‌സ് എത്തി മുറിച്ചു മാറ്റി.
ജില്ലാ ദുരന്തനിവാരണസമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. എ ഡി എം എൻ ദേവീദാസ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, ഫിഷറീസ് ഉദ്യോഗസ്ഥർ, ഫയർഫോഴ്‌സ്, പൊലീസ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. നഗരസഭ ചെയർമാന്മാർ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധസംഘടനകളും പൊതുജനങ്ങങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്.

No comments