JHL

JHL

കെ.എം ബഷീറിന്റെ കാണാതായ ഫോൺ എവിടെ? അപകടത്തിന് ഒരു മണിക്കൂർ ശേഷം ആരോ ഉപയോഗിച്ചു, വൻ ദുരൂഹത


തിരുവനന്തപുരം : ഐ.എ.എസുകാരൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീർ മരിച്ച കേസിൽ ബഷീറിന്റെ മൊബൈൽഫോൺ ഇതുവരെ കണ്ടെത്താനായില്ല. കേസിൽ നിർണായക തെളിവാകുമെന്ന് കരുതുന്ന മൊബൈൽ കണ്ടെത്താൻ ഇനിയുമാവാത്തത് അന്വേഷണത്തിലെ വൻ വീഴ്ചയായിട്ടാണ് കണക്കാക്കുന്നത്.
അപകടമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും ബഷീറിന്റെ ഫോൺ എവിടെ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ അന്വേഷണ സംഘത്തിനായിട്ടില്ല. അപകടസ്ഥലത്തു നിന്ന് രക്ഷാപ്രവർത്തകർക്കോ പൊലീസിനോ ഫോൺ ലഭിക്കാത്ത സാഹചര്യത്തിൽ ഫോൺ സംഭവസ്ഥലത്ത് നിന്ന് ആരോ അപഹരിച്ചതായും സംശയിക്കുന്നുണ്ട്



അപകടത്തിൽപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ബഷീർ റോഡരികിൽ ഫോണിൽ സംസാരിച്ച് നിൽക്കുന്നത് കണ്ടതായി ദൃക്സാക്ഷി മൊഴികളുണ്ട്. അപകടമുണ്ടായതിന് പിന്നാലെ സംഭവസ്ഥലത്ത് വഴിയാത്രക്കാരും പൊലീസും എത്തിയെങ്കിലും ഇവർക്കാർക്കും ഫോൺ ലഭിച്ചതായി സൂചനയില്ല. അടുത്ത ദിവസം രാവിലെ മഹസറെഴുതാൻ എത്തിയ പൊലീസുകാർക്കും ഫോണോ, അപകടത്തിൽപ്പെട്ട് തകർന്നുപോയെങ്കിൽ അതിന്റെ അവശിഷ്ടങ്ങളോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതേസമയം അപകട ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ബഷീറിന്റെ മൊബൈൽ ആരോ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. തെളിവ് നശിപ്പിക്കുവാൻ ആസൂത്രിത ശ്രമമുണ്ടായതായും സംശയിക്കുന്നു.

​​​​ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് സിറാജ് പത്രത്തിന്റെ മാനേജറായ സെയ്ഫുദ്ദീൻ ഹാജി ആവശ്യപ്പെട്ടു. ബഷീറിനെ ശ്രീറാം ഇടിച്ചുവീഴ്ത്തിയത് മദ്യലഹരിയിലെന്ന് പൊലീസ് റിപ്പോർട്ട്. മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ കാർ ഇടിച്ചിട്ടത് മദ്യലഹരിയിലായിരുന്നുവെന്ന് അസി.കമ്മിഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി



സാഹസികവും അശ്രദ്ധവുമായാണ് ശ്രീറാം കാറോടിച്ചത്. സഹയാത്രികയായ വഫ ഫിറോസിനും കുറ്റകൃത്യത്തിൽ പങ്കുണ്ട്. ശ്രീറാമിന്റെ രക്തസാമ്പിൾ പരിശോധിക്കുന്നതിൽ പൊലീസ് ബോധപൂർവമായ വീഴ്ച വരുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അപകടമുണ്ടായ ശേഷം ശ്രീറാമിനെ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുവാൻ അവസരം നൽകിയ പൊലീസിനേയോ, രക്ത പരിശോധനയിൽ വീഴ്ച വരുത്തിയ നടപടിയെക്കുറിച്ചോ റിപ്പോർട്ടിൽ പരാമർശമില്ല. പൊലീസിനെ വെള്ളപൂശി തയ്യാറാക്കിയ റിപ്പോർട്ടിൽ പൊലീസ് ബോധപൂർവ്വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും പറയുന്നു. എന്നാൽ പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയത് തന്റെ ഭാഗം കേൾക്കാതെയാണെന്ന് സിറാജ് മാനേജർ ആരോപിച്ചു. കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് ഞെട്ടിപ്പിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം കെ.എം.ബഷീറിന്റെ അപകടമരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. റിട്ട. എസ്.പിയായ ജോർജ്ജ് ജോസഫ് കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അപകടത്തിൽ സംശയമുള്ളതായും ആസൂത്രിതമായ അപകടമാണോ എന്നു സംശയമുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു.

No comments