JHL

JHL

രാജധാനി എക്സ്പ്രസ് ട്രെയിനു കാസർകോട് റെയിൽവേ സ്റ്റേഷനിലുള്ള സ്റ്റോപ്പ് റദ്ദാക്കാനുള്ള റെയിൽവേ ബോർഡിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു


കാസർകോട്(www.truenewsmalayalam.com 7 Aug 2019):     തിരുവനന്തപുരം–നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് ട്രെയിനു കാസർകോട് റെയിൽവേ സ്റ്റേഷനിലുള്ള സ്റ്റോപ്പ് റദ്ദാക്കാനുള്ള റെയിൽവേ ബോർഡിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംഘടനകളും ജനപ്രതിനിധികളും കേന്ദ്ര റെയിൽവേ മന്ത്രി, ചെയർമാൻ, ജനറൽ മാനേജർ ഉൾപ്പെടെയുള്ളവർക്കു നിവേദനം നൽകി.  

കഴിഞ്ഞ ഫെബ്രുവരി 18നാണ് ആദ്യമായി രാജധാനി കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിർത്തി തുടങ്ങിയത്. ഓഗസ്റ്റ് 18നാകുമ്പോഴേക്കും 6 മാസമാകും. പരീക്ഷണാടിസ്ഥാനത്തിലാണ് രാജധാനിക്കു സ്റ്റോപ്പ് അനുവദിച്ചതെന്നാണ് റെയിൽവേയുടെ വിശദീകരണം. 23 മുതൽ നിസാമുദ്ദീനിലേക്കുള്ള രാജധാനി എക്സ്പ്രസിനു കാസർകോട് നിന്നുള്ള റിസർവേഷൻ നിർത്തലാക്കിയിട്ടുണ്ട്.

പ്രസ്തുത പ്രശ്നം കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും റെയിൽവേ മേധാവികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു.കേന്ദ്രമന്ത്രിയെ തിങ്കളാഴ്ച  കാണാനായി അനുമതി ചോദിച്ചിരുന്നെങ്കിലും കാണാനായില്ല. 

ബുധനാഴ്ച  നേരിൽ കണ്ടു പ്രശ്നത്തിൽ ഉടൻ ഇടപെട്ട് റിസർവേഷൻ പുനഃസ്ഥാപിച്ച് സ്റ്റോപ്പ് നിർത്തലാക്കാൻ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുമെന്ന് എംപി അറിയിച്ചു. റെയിൽവേ പാസ‍ഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി  ആർ.പ്രശാന്ത്കുമാർ ഇതു സംബന്ധിച്ച് സതേൺ റെയിൽവേ ജനറൽ മാനേജർക്കു നിവേദനം നൽകി.

No comments