JHL

JHL

മാലിന്യ സംസ്ക്കരണത്തിന് ജില്ലയിൽ അത്യാധുനിക പ്ലാൻറ് വരുന്നു


കാസർഗോഡ് (www.truenewsmalayalam.com 2 Aug 2019): കാസർഗോഡ്  ജില്ലയെ അലട്ടിക്കൊണ്ടിരിക്കുന്ന മാലിന്യക്കൂമ്പാരങ്ങളെ എന്നെന്നേക്കുമായി ഇല്ലാതെയാക്കി മാലിന്യ നിര്‍മ്മാര്‍ജനം യാഥാര്‍ത്ഥ്യമാക്കുന്നതിന് അത്യാധുനിക സാങ്കേതിക സംവിധാനത്തോടെ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുന്നു. പ്രാരംഭ നടപടികളുടെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ബാബുവിന്റെസാന്നിധ്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

മാലിന്യങ്ങളോ വിഷവാതകങ്ങളോ പുറത്തു വിടാത്ത പൈറോലിസിസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മ്മാര്‍ജനവും സംസ്‌കരണവും ഫലപ്രദമായി നടപ്പാക്കാന്‍ സാധിക്കുമെന്നും ഇതിലൂടെ ജില്ല നേരിട്ടു കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്‌നത്തിന ശാശ്വത് പരിഹാരം കാണാന്‍ സാധിക്കുമെന്നും എ ജി സി ബഷീര്‍ പറഞ്ഞു.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, സെക്രട്ടറിമാര്‍ എന്നിവരെ വിളിച്ചു ചേര്‍ത്ത് സംഘടിപ്പിച്ച ഡിപിസി യോഗത്തില്‍ പദ്ധതിക്ക് പിന്തുണ ലഭിച്ചതായും പൊതു സമൂഹത്തിന്റെ പിന്തുണയോടെ ഏറ്റവും വേഗത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉറവിട മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിയുടെ പ്രായോഗിക പരിമിതികള്‍ മാലിന്യ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിച്ചെന്നും പൈറോലിസിസ് സാങ്കേതിക വിദ്യപ്രകാരം മാലിന്യങ്ങള്‍ വേര്‍തിരിക്കേണ്ടതില്ലാത്തതിനാല്‍ മാലിന്യ നിര്‍മ്മാര്‍ജനം എളുപ്പമാക്കുമെന്നും യോഗത്തില്‍ സംസാരിച്ച ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു.

ദിനംപ്രതി 50 ടണ്‍ മാലിന്യമാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നതിനായി ആവശ്യമുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരു കമ്പനി രൂപീകരിച്ച് കുടുംബശ്രീ, ഹരിത കര്‍മ്മ സേന തുടങ്ങിയവയുടെ സഹകരണത്തോടെ മാലിന്യം ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാത്രി 10നും രാവിലെ ആറിനും ഇടക്ക് മാത്രമായിരിക്കും ലോറികളില്‍ പ്ലാന്റിലേക്ക് മാലിന്യം എത്തിക്കുക. പ്ലാന്റ് സജ്ജീകരിക്കാനായി അഞ്ച് ഏക്കര്‍ ഭൂമിയാണ് ആവശ്യമുള്ളത്.

ഇതിനായി ഭൂമി ജില്ലാ ഭരണകൂടം കണ്ടെത്തും. പ്ലാന്റില്‍ നിന്നും വിഷവാതകങ്ങളോ, മറ്റു മാലിന്യങ്ങളോ പുറന്തള്ളാത്തതിനാല്‍ സമീപവാസികള്‍ക്ക് യാതൊരു പ്രയാസവും ഉണ്ടാവുകയില്ല. കൂടാതെ പ്ലാന്റില്‍ നിന്നും ഒരുതരത്തിലുമുള്ള ദുര്‍ഗന്ധവും പ്രസരിക്കുകയുമില്ല.

പ്ലാന്റിനായി 250 കോടിയുടെ നിക്ഷേപം സ്വകാര്യ കമ്പനി നടത്തും. പ്ലാന്റില്‍ നിന്നും മാലിന്യം സംസ്‌കരിക്കുന്നതിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി, ഡീസല്‍, കാര്‍ഷിക വളം,ശുദ്ധജലം എന്നിവ വില്‍ക്കുന്നതിലൂടെയാണ് സ്വകാര്യ കമ്പനിയുടെ പ്രവര്‍ത്തനം മുന്നോട്ട് പോവുക. സാങ്കേതിക വിദ്യയടക്കം പരിഗണിച്ചുള്ള സ്വിസ് ചാലഞ്ച് മെത്തേഡിലൂടെ സ്വകാര്യ കമ്പനികളുടെ ടെണ്ടര്‍ ക്ഷണിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

യോഗത്തില്‍ സംബന്ധിച്ച രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പദ്ധതിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. പ്ലാന്റ് സജ്ജീകരിക്കുന്ന പ്രദേശത്തെ ജനങ്ങളെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തണമെന്ന് പാര്‍ട്ടി പ്രതിനിധികള്‍ നിര്‍ദേശിച്ചു. ഇതിനായി പരിസ്ഥിതി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വിശദമായ ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ടു.

ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്തു കൊണ്ടുമാത്രമാണ് പദ്ധതി നടപ്പിലാക്കുകയെന്ന് എജിസി ബഷീര്‍ പറഞ്ഞു. യോഗത്തില്‍ എംഎസ്ബിഎസ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ സലോണ്‍സൈമണ്‍, പൈറോലിസിസ് സാങ്കേതികവിദ്യയെ കുറിച്ചും മാലിന്യ സംസ്‌കരണ പ്ലാന്റിനെ കുറിച്ചും വിശദീകരിച്ചു.

No comments