JHL

JHL

മഞ്ചേശ്വരം ഉപ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കാൻ അവസരം


കാസര്‍കോട് (www.truenewsmalayalam.com 3 Aug 2019) : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെയും മുന്നോടിയായി വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയും ബൂത്തുകളും ക്രമീകരിക്കുന്നതിനാണ് പ്രഥമ പരിഗണന. മണ്ഡലത്തിലെ ചില ബൂത്തുകള്‍ സംബന്ധിച്ച പരാതികള്‍ പരിശോധിക്കും. ലൊക്കേഷന്‍ മാറാതെ ബൂത്തുകള്‍ സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് ആഗസ്റ്റ് 10നകം അപേക്ഷ നല്‍കണം. ലൊക്കേഷന്‍ മാറ്റണമെങ്കില്‍ ആഗസ്റ്റ് 15 നകം അപേക്ഷ നല്‍കണം. നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. തൊട്ടടുത്ത് പോളിങ് ബൂത്തണ്ടായിട്ടും ചില വോട്ടര്‍മാര്‍ക്ക് അകലെയുള്ള ബൂത്തുകളിലാണ് വോട്ടുള്ളതെന്ന പരാതി പരിശോധിച്ച് തീരുമാനമെടുക്കും. വോട്ടര്‍മാരുടെ ഒന്നിച്ചുള്ള ബൂത്തു മാറ്റം അനുവദിക്കില്ല.
ബി.എല്‍.ഒ മാര്‍ രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാവും. വോട്ടര്‍ പട്ടികയില്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും നിശ്ചിത മാതൃകയില്‍ അപേക്ഷ ലഭിച്ചാല്‍ കമ്മീഷന്റെ സമയക്രമം പാലിച്ച് ഹിയറിങ്ങ് നടത്തിയ ശേഷമേ തീരുമാനമെടുക്കാവൂ. ബഎല്‍ഒമാര്‍ എല്ലാ പാര്‍ട്ടികളുടെയും ബൂത്ത് ലെവല്‍ ഏജന്റുമാരെയും വിവരങ്ങള്‍ അറിയിക്കണം. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കാനും അര്‍ഹരായ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിനും അനര്‍ഹരെ ഒഴിവാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. ഇതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുജനങ്ങളുടെയും സഹകരണം വേണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 31 വരെ ഇലക്‌റ്റേഴ്‌സ് വെരിഫിക്കേഷന്‍ പ്രോഗ്രാം (ഇ.വി.പി) ക്യാമ്പയിന്‍ നടത്തും. വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേരുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. മുമ്പ് വോട്ട് ചെയ്തിട്ടുണ്ടെങ്കിലും സാങ്കേതിക കാരണങ്ങളാലോ, മറ്റു വിധേനയോ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാകാന്‍ സാധ്യതയുണ്ട്. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സുതാര്യമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ധാരാളം അവസരങ്ങളുണ്ട്. വോട്ടര്‍മാര്‍ ഇത് പ്രയോജനപ്പെടുത്തണം. 18 വയസ്സു പൂര്‍ത്തിയായ ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനും മരണപ്പെട്ടവരെ ഒഴിവാക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രാധാന്യം നല്‍കണം.
സെപ്തംബര്‍ ഒന്ന് മുതല്‍ 30 വരെ ബിഎല്‍ഒമാര്‍ വീടുകളിലെത്തി വോട്ടര്‍മാരുടെ വിവരങ്ങള്‍ പരിശോധിക്കും. സെപ്തംബര്‍ 15ന് സംയോജിത കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. നവംബര്‍ 30 വരെ പരാതികളും അവകാശവാദങ്ങളും ഉന്നയിക്കാം. ഡിസംബര്‍ 15നകം പരാതികള്‍ തീര്‍പ്പാക്കും. 2020 ജനുവരി ഒന്നിനും 15നും ഇടയില്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ കെ രമേന്ദ്രന്‍, ജൂനിയര്‍ സൂപ്രണ്ട് എസ് ഗോവിന്ദന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

No comments