JHL

JHL

ലോക്ക്ഡൗണില്‍ അവശ്യവസ്തു വിപണന വ്യാപാരികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ സംബന്ധിച്ച് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി; രാവിലെ 11 മണിക്ക് കട തുറക്കാന്‍ വരുമ്പോഴും വൈകിട്ട് അഞ്ച് മണിക്ക് കടയടച്ച് തിരിച്ച് പോകുമ്പോഴും വ്യാപാരികളും തൊഴിലാളികളും ക്രൂര മര്‍ദ്ദനത്തിന് ഇരയാകുന്നു

കാസര്‍കോട്(True News 29 March 2020): കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജനവിഭാഗങ്ങളേയും പോലെ ഭയവിഹുലരാണ് വ്യാപാരികളും. മഹാമാരിയെ പ്രതിരോധിക്കുന്നതിന് വേണ്ടി കേരള, കേന്ദ്ര സര്‍ക്കാറുകള്‍ കൈകൊണ്ട നടപടികളെ പ്രത്യാശയോടെയാണ് ജില്ലയിലെ വ്യാപാരി സമൂഹം കാണുന്നത്. അത് കൊണ്ട് തന്നെ സര്‍ക്കാറിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും ശിരസാവഹിക്കാന്‍ തയ്യാറായിക്കൊണ്ടാണ് വ്യാപാരികള്‍ നിലകൊള്ളുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരം അവശ്യ വസ്തുക്കള്‍ വില്‍ക്കുന്നവ ഒഴികെ എല്ലാ കടകളും നഷ്ടങ്ങള്‍ സഹിച്ച് കൊണ്ട് തന്നെ അടച്ചിട്ടു. അത് പോലെ രോഗഭയത്തിലും അവശ്യ വസ്തു വിപണന വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ തയ്യാറായത് സര്‍ക്കാറിന്റെ നിര്‍ദ്ദേശവും അവശ്യ സ്വഭാവവും പരിഗണിച്ച് കൊണ്ടാണ്. എന്നാല്‍ ജില്ലയിലെ പൊലീസ് നടപടികള്‍ അവശ്യ വസ്തു വ്യാപാരികളുടെ പ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. രാവിലെ 11 മണിക്ക് കട തുറക്കാന്‍ വരുമ്പോഴും വൈകിട്ട് അഞ്ച് മണിക്ക് കടയടച്ച് തിരിച്ച് പോകുമ്പോഴും വ്യാപാരികളും തൊഴിലാളികളും ക്രൂര മര്‍ദ്ദനത്തിന് ഇരയാകുന്നു. ഉപ്പള, കുമ്പള, കാസര്‍കോട്, കാഞ്ഞങ്ങാട് തുടങ്ങി ജില്ലകളിലെ എല്ലാ മേഖലകളിലും ധാരാളം വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും പൊലീസിന്റെ മര്‍ദ്ദനം ഏറ്റിട്ടുണ്ട്. കൂടാതെ ധാരാളം വ്യാപാരികളും തൊഴിലാളികളും പാതിരാവ് വരെ സ്റ്റേഷനുകളില്‍ തടഞ്ഞുവെക്കപ്പെടുകയും കേസിലുള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവശ്യ വസ്തു വിപണന വ്യാപാരികള്‍ക്കും അത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും സംരക്ഷണം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയോ അല്ലെങ്കില്‍ കടകള്‍ അടച്ചിടാന്‍ അനുമതി നല്‍കുകയോ ചെയ്യണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ഉള്ള തിരിച്ചറിയല്‍ രേഖകള്‍ വാങ്ങുവാന്‍ ജില്ലാ ആസ്ഥാനത്ത് പോവുക എന്നത് അപ്രായോഗികമാണ്. കാരണം ചിറ്റാരിക്കാല്‍, പാണത്തൂര്‍, തൃക്കരിപ്പൂര്‍ പോലുള്ള പ്രദേശങ്ങളില്‍ നിന്ന് മണിക്കൂറുകള്‍ യാത്ര ചെയ്യണം. ഇന്നത്തെ സാഹചര്യത്തില്‍ അത് അസാധ്യമായതിനാല്‍ തിരിച്ചറിയല്‍ രേഖകള്‍ കടകളില്‍ എത്തിച്ചു നല്‍കുകയോ അതാത് പ്രദേശത്തെ സ്റ്റേഷനുകളില്‍ സൗകര്യമുണ്ടാക്കുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടു.

No comments