JHL

JHL

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ കോവിഡ് ചികിത്സ മാത്രമാക്കാൻ ആലോചന

കാസർകോട് (True News 23 March 2020): ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ കോവിഡ് ചികിത്സ മാത്രമാക്കാൻ സാധ്യത. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. അങ്ങനെയാണെങ്കിൽ, നിലവിൽ ഇവിടെ ചികിത്സയിലുള്ള മറ്റു രോഗികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ജില്ലാ ആശുപത്രിയിലും ആരോഗ്യവകുപ്പ് ഏറ്റെടുത്ത മറ്റു ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നവരെയും കാസർകോട് ജനറൽ ആശുപത്രിയിലേക്കു മാറ്റും.  മറ്റു രോഗികൾക്കുള്ള ഒപി ഉൾപ്പെടെ എല്ലാ ചികിത്സകളും ജില്ലാ ആശുപത്രിയിൽ തുടരും. വിദേശത്തു നിന്നെത്തിയവരെ നീരീക്ഷിക്കാൻ സ്കൂൾ- കോളജ് കെട്ടിടങ്ങളിൽ വാർഡുകൾ ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും കിടക്കകൾ ഇല്ലാത്തത് പ്രശ്നമാണ്. ഇത്രയധികം കിടക്കകൾ സംഘടിപ്പിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ടാണ് അധികം പേരോടും വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെടുന്നത്.  എന്നാൽ, നിർദേശം അവഗണിച്ച് ഒട്ടേറെപ്പേർ നാട് ചുറ്റുന്നതായി പരാതികളുണ്ട്. ഐസലേഷൻ ആശുപത്രി ആരംഭിക്കുന്നതോടെ ഇവരെയൊക്കെ ഇവിടെ പാർപ്പിക്കാൻ കഴിയും.ജനറൽ ആശുപത്രിയിൽ പേ വാർ‌ഡും പഴയ ടിബി വാർഡുമാണ് കോവിഡ് രോഗികളെയും സംശയമുള്ളവരെയും പാർപ്പിച്ചിരിക്കുന്നത്. 20ൽ താഴെ മുറികൾ മാത്രമേ ഇവിടെയുള്ളൂ. ഐസലേഷൻ ആശുപത്രിയായി പ്രഖ്യാപിച്ചാൽ ഇവിടെയുള്ള 208 കിടക്കകളും മുറികളും കോവിഡ് രോഗികൾക്കായി ഉപയോഗിക്കാം. ഡോക്ടർമാരുടെയും നഴ്സുമാരുടെയും കൃത്യമായ സേവനവും ലഭിക്കും.

No comments