JHL

JHL

കോവിഡ്-19; റെയിൽവേ സ്റ്റേഷനുകളിലും അതിർത്തിയിലും പരിശോധന വ്യാപകം

കാസർകോട്(True News 17 March 2020) : കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി റെയിൽവേസ്റ്റേഷനിൽ ആരോഗ്യവകുപ്പും പോലീസും നടത്തുന്ന പരിശോധന തുടരുന്നു. മംഗളൂരുവിൽനിന്ന്‌ കാസർകോട്ടിറങ്ങുന്ന യാത്രക്കാരെ ഇൻഫ്രാറെഡ് ഉപകരണമുപയോഗിച്ചാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. ശരീരതാപനില ഉയർന്നവരെ ഈ ഉപകരണം വഴി തിരിച്ചറിയാമെന്നും അത്തരക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയും ചികിത്സയ്ക്ക് നിർദേശിക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.   
ആരോഗ്യവകുപ്പിന്റെയും കാസർകോട് പോലീസിന്റെയും റെയിൽവേ പോലീസിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച കാസർകോട് വഴി കടന്നുപോയ എട്ട് തീവണ്ടികളിലാണ് പരിശോധന നടത്തിയത്. 112 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ, രോഗലക്ഷണങ്ങളുമായി ആരെയുംതന്നെ കണ്ടെത്തിയില്ലെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
കൊറോണ വ്യാപനത്തിനെതിരേ പൊതുജനങ്ങളെ സഹായിക്കുന്നതിനായി ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ റെയിൽവേ സ്റ്റേഷനുകളിലാണ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്.
ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷ്‌റഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കോവിഡ് 19-നെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് നേരിട്ടറിയാൻ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്‌വകുപ്പ് തയ്യാറാക്കിയ ‘ജി.ഒ.കെ. ഡയറക്ട്’ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ക്യു.ആർ. കോഡ് റെയിൽവേ സ്റ്റേഷനുള്ളിൽ സ്ഥാപിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിലാണ് ക്യു.ആർ. കോഡ് സ്ഥാപിച്ചത്.
കാസർകോട് പാറക്കട്ട എസ്.പി. ഓഫീസിലെ പോലീസുകാർക്കും കാഞ്ഞങ്ങാട് കോടതി ജീവനക്കാർക്കും പൊതുമരാമത്ത് ജീവനക്കാർക്കുമായി കൊറോണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എ.ടി.മനോജിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടത്തിയത്.
ജനങ്ങൾക്കിടയിലുള്ള ആശങ്ക ഒഴിവാക്കുന്നതിന്റെ ഭാഗമായി ജനജാഗ്രതാസമിതികൾ കൂടുതൽ ഊർജിതപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയോടുകൂടി പ്രവർത്തിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. എ.വി.രാംദാസ് അറിയിച്ചു.
കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും മറ്റ് വിദേശരാജ്യങ്ങളിൽനിന്ന്‌ വന്നവർ ജില്ലാ കൊറോണ കൺട്രോൾ സെല്ലിൽ വിവരമറിയിക്കണം. ഫോൺ: 9946000493.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾസെല്ലിൽ അറിയിച്ചതിനുശേഷം മാത്രം ആസ്പത്രിയെ സമീപിക്കണം. ഒരു കാരണവശാലും നീരീക്ഷണകാലയളവിൽ കുടുംബത്തിൽ നടക്കുന്ന സ്വകാര്യ ചടങ്ങുകളിലും മറ്റു പൊതുപരിപാടികളിലും ജനങ്ങൾ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിലും പങ്കെടുക്കാൻ പാടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.



No comments