JHL

JHL

കൊറോണക്കിടയിലും ഡിവൈഎഫ്ഐ നടത്തുന്ന ഹീന രാഷ്ട്രീയം അപലപനീയം-യൂത്ത് ലീഗ്

ബദിയടുക്ക(True News 30 March 2020): രാജ്യത്തും വിശിശ്യാ കാസറഗോഡ് ജില്ലയിൽ വ്യാപകമായി തന്നെയും കോവിഡ് 19 റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ പോലും ഡിവൈഎഫ്ഐ നടത്തുന്ന ഹീന രാഷ്ട്രീയം അപലപനീയമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു...

ഒരു സുരക്ഷയും മുൻകരുതലും എടുക്കാതെ കൂട്ടം കൂടി കാസറഗോഡ് ഉക്കിനടുക്ക ഗവ: മെഡിക്കൽ കോളേജ് ക്ലീൻ ചെയ്യുന്ന രീതിയിൽ വീഡിയോ ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ്  ഡിവൈഎഫ്ഐ. എല്ലാം സജ്ജമാക്കി കഴിഞ്ഞ 14 ആം തീയതി ഉദ്ഘാടനത്തിന് ഒരുങ്ങിയ സ്ഥാപനമാണ് അത്. നാട് കൊറോണ ഭീഷണിയിൽ ആയതിനെ തുടർന്ന് ഉദ്‌ഘാടനം മാറ്റി വെക്കുകയായിരുന്നു. ഐസൊലേഷൻ വാർഡിന് വേണ്ട എല്ലാ സജ്ജീകരണവും ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവർ  കഴിഞ്ഞ ദിവസം നേരിട്ട് ബോധ്യപ്പെട്ടതാണ്. അവിടെ രാഷ്ട്രീയ നാടകത്തിന് വേണ്ടി ഐസലേഷൻ വാർഡ് ഒരുക്കുന്നു എന്ന ലേബലിൽ വീഡിയോ എടുത്തു പ്രഹസന നാടകം നടത്തുകയായിരുന്നു. അവിടെ നിലവിൽ ഇരുന്നൂറോളം ജോലിക്കാർ തന്നെയുണ്ട്.  നിലവിൽ സർക്കാർ നിർദേശിക്കുന്ന ജാഗ്രത സമിതിയെ അല്ലാതെ മറ്റൊരാളെയും സേവനത്തിന് അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെയും കളക്ടറുടെയും തീരുമാനം ഉണ്ടായിരിക്കെ ആരുടെയും നിർദേശമില്ലാതെ എല്ലാം സജ്ജമായ ഒരു സർക്കാർ സ്ഥാപനത്തെ നുഴഞ്ഞു കയറി കൂട്ടം കൂടി വീഡിയോ എടുക്കുകയായിരുന്നു.  ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനോ, മേന്മ കാണിക്കാനോ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതാണ്. കൊറോണ ഭീഷണിയിൽ നിന്നും സമ്പൂർണ്ണമായും മോചിതരാവാൻ രാഷ്ട്രം ഒന്നടങ്കം സ്വയം നിയന്ത്രണത്തിന്റെ പാതയിൽ ഒരുമിച്ചു നിന്നും കോവിഡ് 19 വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി 'ജനതാ കർഫ്യു' ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ആഹ്വാനം ചെയ്യുമ്പോഴും ഇവയൊന്നും ഞങ്ങൾക്ക്  ബാധകമല്ലെന്നുള്ള സഖാക്കളുടെ തോന്നിവാസം അപമാനകരവും പരിഹാസ്യവുമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു.

യാതൊരു നിർദേശവുമില്ലാതെ അനാവശ്യമായി നടത്തിയ ക്ലീനിംഗ് പ്രഹസനത്തിന് കമ്മ്യൂണിറ്റി കിച്ചനിൽ നിന്ന് 30 പേർക്കുള്ള ഭക്ഷണം കൂടി കൊണ്ട് പോയിരുന്നു. മാധ്യമങ്ങളിൽ വന്ന് വിവാദമായപ്പോൾ രാത്രി സെക്രട്ടറിയെ കൊണ്ട് വെള്ള കടലാസിൽ വ്യാജ ബില്ല് എടുത്ത് അതിനെയും മറക്കാൻ ശ്രമിക്കുകയാണ്. നിരോധനാജ്ഞ കാറ്റിൽ പറത്തി ഒത്തുകൂടിയ ഡിവൈഎഫ്ഐക്ക് പഞ്ചായത്തിന്റെ രേഖകളിൽ ഇല്ലാത്ത  വ്യാജ ബില്ല് നൽകിയും മറ്റും സെക്രട്ടറി കൂട്ട് നിൽക്കുന്നതിൽ യൂത്ത് ലീഗ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

മെഡിക്കൽ കോളേജ് തറക്കല്ലിടുമ്പോൾ മുഖ്യമന്ത്രിയെ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തവരാണ് ഇന്ന് കോമഡി കഥാപാത്രമായി വന്നത്. ഉക്കിനടുക്കയിൽ നിന്ന് മാറ്റാൻ പരമാവധി ശ്രമിക്കുകയും ഇവിടെ നിന്ന് മാറ്റുമെന്ന് മുൻ എംപി അടക്കമുള്ളവർ പ്രസ്താവിക്കുകയും ചെയ്തതാണ്. മുസ്‌ലിം ലീഗ് കാസറഗോഡ് മണ്ഡലം ട്രഷറർ മാഹിൻ കേളോട്ടിന്റെ നേതൃത്വത്തിൽ സമരസമിതി മുന്നിൽ നിന്ന് നയിച്ചത് കൊണ്ട് മാത്രമാണ് ഇന്ന് അവിടെ ഇതിന് സാധിച്ചത് എന്ന് ഇക്കൂട്ടർ മനസ്സിലാക്കേണ്ടതുണ്ട്. . ഈ വില കുറഞ്ഞ രാഷ്ട്രീയമൊക്കെ തിരിച്ചറിയാനുള്ള ബോധം ജനങ്ങൾക്കുണ്ട്.കോവിഡ് പശ്ചാത്തലത്തിൽ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കേണ്ട സാഹചര്യത്തിൽ പോലും ഇത്തരം രാഷ്ട്രീയം നടത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പ്രസ്താവനയിൽ കൂട്ടിചേർത്തു.
ഇതിനെതിരെ നടപടി എടുക്കാൻ ജില്ലാ കളക്ടർക്കും ബദിയടുക്ക പോലീസ് സ്റ്റേഷനിലും പരാതി നൽകി.

No comments