JHL

JHL

സന്നദ്ധ സംഘടനകൾ രംഗത്ത്; കുമ്പളയിലും പുത്തിഗെയിലും ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കി


കുമ്പള (True News, March 25, 2020): ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കിയും അവശ്യസാധനങ്ങൾ വീടുകളിലെത്തിച്ചും കുമ്പളയിലും പുത്തിഗെയിലും രാഷ്ട്രീയ സന്നദ്ധ സംഘടനകൾ സജീവമായി രംഗത്ത്. 
ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ കുമ്പള ദേവി നഗറിൽ വർഷങ്ങൾക്കു മുമ്പ് ആശുപത്രി പ്രവർത്തിച്ചിരുന്ന കെട്ടിടം വൃത്തിയാക്കി പ്രവർത്തനസജ്ജമാക്കി. മുപ്പത് മുറികളാണ് ഒരുക്കിയിട്ടുള്ളത്.
മുസ്ലിം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുമ്പള മാവിനകട്ടയിൽ പ്രവർത്തിച്ചു വരുന്ന ബീന ഹോസ്പിറ്റൽ കഴുകി വൃത്തിയാക്കി ഐസൊലേഷന് സജ്ജമാക്കി.
പുത്തിഗെയിൽ അംഗഡി മുഗർ ഹയർ സെക്കന്ററി സ്കൂളിലാണ് ഐസൊലേഷൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
         കുമ്പളയിലും പരിസര പ്രദേശങ്ങളിലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വീടുകളിലേക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്തു. എസ് കെ എസ് എസ് എഫ് വിഖായ വളണ്ടിയർമാരുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലേക്ക് കുമ്പളയിൽ നിന്നും അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിച്ചു കൊടുത്തു. മൊഗ്രാൽ ദേശീയവേദി പ്രവർത്തകരും മൊഗ്രാൽ, പേരാൽ പ്രദേശങ്ങളിൽ വീടുകളിൽ കഴിയുന്നവർക്ക് സാധനങ്ങൾ എത്തിച്ചു നൽകി. ഉളുവാർ അമിഗോസ് ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് പ്രവർത്തകർ ഉളുവാർ, കോരത്തില, ബായിക്കട്ട, ബത്തേരി പ്രദേശങ്ങളിൽ വീടുകളിൽ അവശ്യ സാധനങ്ങൾ എത്തിച്ചു. നാലു പേരെയാണ് ക്ലബ്ബ് ഈ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവരുടെ പേരുകളും മൊബൈൽ നമ്പരുകളും സാമൂഹിക മാധ്യമങ്ങളിലൂടെ നാട്ടുകാരെ അറിയിച്ചിട്ടുണ്ട്.

No comments