JHL

JHL

കാസര്‍കോട് മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്കില്‍ ഐസൊലേഷന്‍ വാര്‍ഡ് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുക്കം തുടങ്ങി ; കോവിഡ്19 രോഗബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവരെ ചികിത്സിക്കുന്നതിന് വേണ്ടിയാണ് വാര്‍ഡ് പ്രവര്‍ത്തനസജ്ജമാക്കുന്നത്

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്കില്‍ ഐസൊലേഷന്‍ വാര്‍ഡ് പ്രവര്‍ത്തനം ആരംഭിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. കോവിഡ്19 രോഗബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവരെ ചികിത്സിക്കുന്നതിന് വേണ്ടിയാണ് വാര്‍ഡ് പ്രവര്‍ത്തനസജ്ജമാക്കുന്നത്. ഇതിന് മുന്നോടിയായി അക്കാദമി ബ്ലോക്ക് കെട്ടിടത്തിനകത്തെ മുറികളില്‍ ശൂചീകരണ പ്രവര്‍ത്തനം നടത്തി. ഇവിടെ രോഗികളെ പാര്‍പ്പിക്കുന്നതിന് വേണ്ടി കിടക്കകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
നീര്‍ച്ചാല്‍, ബദിയടുക്ക, എന്‍മകജെ മേഖലകളിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ശുചീകരണ പ്രവര്‍ത്തനത്തിന് ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക് സെക്രട്ടറി നാസറുദ്ദീന്‍ മലങ്കര, സുനില്‍, അബു, രഞ്ജിത് പൊയ്യക്കണ്ടം, സനത് ബദിയടുക്ക, സദന്‍, ഹാരിസ് പി.എം.എസ്, മണികണ്ഠന്‍ പെര്‍ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 
മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ വൈദ്യുതി എത്തിച്ച് കെ.എസ്.ഇ.ബി. കാസര്‍കോട് മെഡിക്കല്‍ കോളേജ് കെട്ടിടം കോവിഡ് 19 ആസ്പത്രിയായി മാറ്റുന്നതിന്റെ ഭാഗമായി കെട്ടിടത്തിലേക്ക് വൈദ്യുതി എത്തി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ളയുടെ നിര്‍ദ്ദേശപ്രകാരം 160 കെ.വി ട്രാന്‍സ്‌ഫോമര്‍ ആണ് സ്ഥാപിച്ചത്. ഉത്തര മലബാര്‍ ചീഫ് എഞ്ചിനീയര്‍ ആര്‍. രാധാകൃഷ്ണന്റെയും കാസര്‍കോട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി. സുരേന്ദ്രന്‍, ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ജയകൃഷ്ണന്‍, പെര്‍ള ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അശോകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ കോളേജ് കെട്ടിടത്തിലേക്ക് വൈദ്യുതി എത്തിച്ചത്.

No comments