JHL

JHL

പള്ളത്തടുക്ക പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; ജനകീയ സമര സമിതി.

ബദിയടുക്ക(www.truenewsmalayalam.com) : പള്ളത്തടുക്ക പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ജനകീയ സമര സമിതി റോഡ്  ഉപരോധിച്ചു. അപകടാവസ്ഥയിലായ പാലം മാറ്റി പുതിയ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയിട്ടും പരിഹാരമുണ്ടാവാത്തതിനാലാണ് ഇന്നലെ  രാവിലെ  ഉപരോധം നടത്തിയത്.പാലത്തിന് ബലക്ഷയം വന്നതിനാൽ ഇതുവഴി ഭയത്തോടെയാണ് വാഹനയാത്രക്കാർ പോകുന്നത്.

മുകൾ ഭാഗം കുണ്ടും കുഴിയുമായ പാലത്തിന്റെ അടിഭാഗത്ത് കമ്പി ഇളകി കിടക്കുന്നു.സ്പാനുകൾക്കിടയിൽ വിടവിൽ വാഹനങ്ങൾ ചാടുന്നു.ഇത്  വാഹനത്തിന്റെ യന്ത്രസാമഗ്രികൾ തകരാറിലാവാനിടയാക്കുകയും സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും ചെയ്യുന്നു.ഇതിനു താൽക്കാലിക പരിഹാരമുണ്ടാക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ആഴ്ചകൾക്കകം നികത്തിയ കുഴികൾ വീണ്ടും രൂപപ്പെടുന്നു.വാഹനങ്ങൾ പാലത്തിൽ കയറുമ്പോൾ ഉണ്ടാവുന്ന ശബ്ദം യാത്രക്കാരെ ഭയപ്പെടുത്തുന്നു.ബലക്ഷയ പരിശോധനയ്ക്ക് കാസർകോട് ബ്രിജസ് വിഭാഗം അധികൃതർ ചീഫ് എൻജിനീയർക്ക് 13 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി പല തവണ നൽകിയിട്ടും തീരുമാനമായിട്ടില്ല.

പാലത്തിന്റെ 1സ്പാൻ തകരാറിലെന്ന നിഗമനത്തിലാണ് ബ്രിജസ് വിഭാഗം.പരിശോധന നടക്കാത്തതിനാൽ പാലത്തിനു മുകളിൽ അറ്റകുറ്റപ്പണികൾ നടത്താനുള്ള ഭയം ജില്ലാ ബ്രിജസ് വിഭാഗത്തിനുണ്ട്.മകൾ ഭാഗത്തെ വൻകുഴികളും 3 സ്പാനുകളുടെ വിടവും താൽക്കാലികമായി അടച്ചാലും പ്രയോജനമില്ലാത്ത സ്ഥിതിയാണ്. നിർമാണ സാമഗ്രികളുമായി വരുന്ന വാഹനങ്ങൾ മുകളിൽ ദീർഘ സമയം കയറ്റിയിടാനും പറ്റില്ല.ചെർക്കള കല്ലടുക്ക അന്തർ സംസ്ഥാന പാതയിൽ പള്ളത്തടുക്കയിലാണ് പാലമുള്ളത്.ഒട്ടേറെ വാഹനങ്ങൾ ഇതു വഴി കടന്നു പോവുന്നു. റോഡ് ഉപരോധം പഞ്ചായത്ത് പ്രസിഡന്റ് ബി.ശാന്ത ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം ഹമീദ് പള്ളത്തടുക്ക,ഷാഫി,രാമൻ,സാതാരാമ,എം.എച്ച്.ജനാർധന, ഹൈദർ കുടുപ്പംകുഴി,ഷിറാജ് കെദുമൂലെ,സത്താർ കുടുപ്പംകുഴി എന്നിവർ നേതൃത്വം നൽകി.


No comments