JHL

JHL

മഞ്ചേശ്വരം മണ്ഡലത്തിലെ വൈദ്യുതി പ്രശ്നം പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾ തയാറാക്കുന്നു; എ.കെ.എം.അഷ്റഫ് എംഎൽഎ

ഉപ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം മണ്ഡലത്തിലെ വൈദ്യുതി പ്രശ്നം പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾ തയാറാക്കുന്നു. എ.കെ.എം.അഷ്റഫ് എംഎൽഎയുടെ അധ്യക്ഷതയിൽ മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണു കെഎസ്ഇബി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ടുള്ള പരാതികളും ചർച്ച ചെയ്തു പുതിയ പദ്ധതികൾ തയാറാക്കാൻ തീരുമാനിച്ചത്.

മണ്ഡലത്തിലെ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കാനായി ഉപ്പളയിൽ 33 കെവി സബ് സ്റ്റേഷൻ, സീതാംഗോളി 110 കെവി സബ് സ്റ്റേഷൻ, കുമ്പള, മഞ്ചേശ്വരം, സീതാംഗോളി എന്നിവിടങ്ങളി‍ൽ സെക‍്ഷൻ ഓഫിസുകൾക്കു പുതിയ കെട്ടിടവും നിർമിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്താൻ ആവശ്യമായ ഇടപെടലുകൾ നടത്താൻ തീരുമാനിച്ചു. വോൾട്ടേജ് ക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ദ്യുതി, ആർഡിഎസ് എന്നീ പ്രോജക്ടുകളിൽ ഉൾപ്പെടുത്തി ട്രാൻസ്ഫോമറുകളും ത്രീഫെയ്സ് ലൈനുകളും സ്ഥാപിച്ചു വോൾട്ടേജ് ക്ഷാമം പരിഹരിക്കാനുള്ള നടപടികൾക്കും വീടുകൾക്കു മുകളിലൂടെയുള്ള ലൈനുകൾ സാധ്യമായ റൂട്ടുകളിലൂടെ മാറ്റി സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.

സംസ്ഥാന സർക്കാരിന്റെ നിലാവ് പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനായി കെഎസ്ഇബി ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു.പെർള ഉറുമി പള്ളി വളപ്പിലുള്ള വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കാനും സീതാംഗോളി സെക‍്ഷൻ കീഴിലുള്ള പെരുന്നാപറമ്പ് ട്രാൻസ്ഫോർമറിനു ചുറ്റുവേലി നിർമിക്കാനും കെഎസ്ഇബി ഉദ്യോഗസ്ഥരോടു എംഎൽഎ നിർദേശിച്ചു.

കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ പി.ജയകൃഷ്ണൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.മുഹമ്മദ് ഹനീഫ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെ.എസ്.സോമശേഖര, ഖദീജത്ത് റിസാന, എസ്.ഭാരതി, യു.പി.താഹിറ, സുന്ദരി ആർ.ഷെട്ടി, ജീൻ ലാവിനോ മോന്റാരോ, ബ്ലോക്ക് ബിഡിഒ ജെ. ശ്രീജ, എം.എച്ച്. അബ്ദുൽ മജീദ്, പി.പി.നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.





No comments