JHL

JHL

എഴുത്ത്, സാംസ്‌കാരിക വഴികളില്‍ ഊര്‍ജ്ജമേകിയത് കാസര്‍കോട് സാഹിത്യവേദി -പ്രൊഫ. എം.എ. റഹ്‌മാന്‍.

ഉദുമ: സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ഈ വടക്കിന്റെ  മണ്ണിലേക്ക് കൊണ്ടുവന്ന പ്രൊഫ. എം.എ. റഹ്‌മാനെ കാസര്‍കോട് സാഹിത്യവേദി അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് ആദരിച്ചു. 

എഴുത്തു വഴിയിലും സാംസ്‌കാരിക രംഗത്തും കാസര്‍കോട് സാഹിത്യ വേദി പകര്‍ന്ന ഊര്‍ജ്ജം ജീവിതത്തില്‍ എന്നും കരുത്തായിട്ടുണ്ടെന്നും ടി. ഉബൈദ് മാഷിന്റെ വാക്കുകളും രചനകളും ഈ മേഖലകളില്‍ മുന്നേറാന്‍ വലിയ സഹായകമായെന്നും പ്രൊഫ. എം.എ. റഹ്‌മാന്‍ പറഞ്ഞു.  

കാസര്‍കോട് സാഹിത്യ വേദിയുമായുള്ള ദീര്‍ഘകാല സ്‌നേഹ ബന്ധത്തിന്റെ ഓര്‍മകള്‍ മാഷ് ഓരോന്നായി ഓര്‍ത്തെടുത്തു. ടി. ഉബൈദ്, ഇബ്രാഹിം ബേവിഞ്ച, കെ.എം.അഹ്‌മദ്, റഹ്‌മാന്‍ തായലങ്ങാടി, പി.വി.കൃഷ്ണന്‍, പി. അപ്പുക്കുട്ടന്‍, ഹമീദ് കോട്ടിക്കുളം, തമ്പി മാഷ്, പി.വി.സി നമ്പ്യാര്‍ തുടങ്ങിയ സാഹിത്യവേദിയുടെ മുന്‍കാല സജീവ സാന്നിധ്യങ്ങളുടെ  പ്രവര്‍ത്തനങ്ങളും എം.എ. റഹ്‌മാന്‍ പങ്കിട്ടും. താന്‍ ആദ്യമായി എഴുതിയ കഥ പ്രസിദ്ധീകരിച്ചത് ഉബൈദ് മാഷിന്റെ മലയാള ശബ്ദത്തിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരങ്ങളെയും തന്റെ പോരാട്ടങ്ങളെയും കുറിച്ചും എം.എ. റഹ്‌മാന്‍ വാചാലനായി. 

കാസര്‍കോട് സാഹിത്യ വേദി വൈസ് പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയും റഹ്‌മാന്‍ മാഷെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.  സാഹിത്യ വേദി  മുന്‍ സെക്രട്ടറിയും കഥാകാരനുമായ എ.എസ്. മുഹമ്മദ് കുഞ്ഞി ഉപഹാര സമര്‍പ്പണം നടത്തി. ട്രഷറര്‍ മുജീബ് അഹ്‌മദ് നിര്‍വാഹക സമിതി അംഗങ്ങളായ ടി.എ. ഷാഫി, എം.വി. സന്തോഷ്, എരിയാല്‍ അബ്ദുല്ല സംസാരിച്ചു.  സാഹിത്യ വേദി സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ സ്വാഗതവും റഹീം ചൂരി നന്ദിയും പറഞ്ഞു.



No comments