JHL

JHL

മംഗളൂരു നഗരത്തിനടുത്ത് പുലി; നാട്ടുകാർ ഭീതിയിൽ.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരു നഗരത്തിനടുത്ത് പുലിയിറങ്ങി, നാട്ടുകാർ ഭീതിയിൽ. ഞായറാഴ്ച മറോളി ജയനഗര പ്രതിഭാനഗറിൽ വൈകീട്ട് നടക്കാനിറങ്ങിയവരും തിങ്കളാഴ്ച കങ്കനാടി ബല്ലാൽഗുഡെയിലെ പ്രദേശവാസികളുമാണ് പുലിയെ കണ്ടത്. ജയനഗർ പ്രതിഭാ നഗറിൽ വൈകീട്ട് നടക്കാനിറങ്ങിയവർ ജയനഗർ നാലാം ക്രോസ് റോഡിലാണ് പുലിയെ കണ്ടത്.
ഉടനെ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും രാത്രിയായതിനാൽ പ്രദേശത്ത് തിരച്ചിൽ നടത്താനായില്ല. ഇതിനു പിന്നാലെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കങ്കനാടി ബല്ലാൽഗുഡെ ഭാഗത്തും പുലിയെ കണ്ടു. തുടർന്ന് വനം വകുപ്പധികൃതരെത്തി കങ്കനാടി കണപദവ്, ബല്ലാൽഗുഡെ, മാർത്താ കോമ്പൗണ്ട് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പ്രദേശത്തെ നാലിടങ്ങളിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി.

തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല. മംഗളൂരു നഗരത്തിനോടടുത്തുകിടക്കുന്ന ജനവാസ-വാണിജ്യ മേഖലയിലാണ് പുലിയെ കണ്ടത്. ജയനഗർ ഭാഗത്ത് ഈയിടെയായി തെരുവുനായ്ക്കളുടെ ശരീരഭാഗങ്ങൾ കണ്ടിരുന്നു. തെരുവുനായകളെ പുലി കൊന്നുതിന്നതാണോ എന്ന സംശയം കോർപ്പറേഷൻ അംഗം കേശവ് മറോളി സൂചിപ്പിച്ചിരുന്നു. പ്രദേശത്ത് പുലിയെ കാണുകകൂടി ചെയ്തതോടെ ജനങ്ങൾ ഭീതിയിലാണ്.





No comments