JHL

JHL

പ്ലസ് വൺ പ്രവേശനം; ജൂലൈ 11 മുതൽ 18 വരെ അപേക്ഷിക്കാം, ഒന്നാം അലോട്മെന്റ് ജൂലൈ 27ന്

തിരുവനന്തപുരം(www.truenewsmalayalam.com) : പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് ഈ മാസം 11 മുതൽ 18 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. വിദ്യാർത്ഥികൾ പഠിച്ച സ്കൂളുകളിലേയോ, തൊട്ടടുത്ത ഗവണ്മെന്റ്, എയ്ഡഡ് സ്കൂളുകളിലേയോ കമ്പ്യൂട്ടർ ലാബ് സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് അതാത് സ്കൂളിലെ അധ്യാപകരുടെ സഹായത്തോടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒരു ജില്ലയിൽ ഒരു വിദ്യാർത്ഥിക്ക് ഒരു അപേക്ഷ മാത്രമേ നൽകാൻ പാടുള്ളൂ. ഒന്നിലധികം ജില്ലകളിൽ അപേക്ഷിക്കാനാഗ്രഹിക്കുന്നവർ അതാതു ജില്ലകളിൽ ഓരോ അപേക്ഷ സമർപ്പിക്കണം.

 www.admission.dge.kerala.gov.in    എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് 'Click for Higher Secondary Admission' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ വിദ്യാർത്ഥിക്ക് നേരിട്ടും അപേക്ഷ സമർപ്പിക്കാം.

            ജൂലൈ 21 ന് ട്രയൽ അലോട്മെൻറും 27 ന് ആദ്യ അലോട്മെൻറും പുറത്തുവിടും. രണ്ടും മൂന്നും മുഖ്യ അലോട്ട്മെൻറുകൾ ആഗസ്റ്റ് 11 ഓടെ പൂർത്തീകരിച്ച് 17 ന് ക്ലാസുകൾ ആരംഭിക്കും. ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 30 വരെയുളള ദിവസങ്ങളിൽ പല ഘട്ടങ്ങളിലായി സപ്ലിമെന്ററി അലോട്ട്മെൻറുകൾ വഴി ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയാക്കും.

         എസ്.സി, എസ്.ടി, ഒ.ഇ.സി. വിഭാഗങ്ങൾക്ക് അവർക്കർഹമായ ആനുകൂല്യങ്ങൾ ലഭ്യമാകാൻ നാറ്റിവിറ്റി, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളിൽ ഇവ രേഖപ്പെടുത്തിയിരിക്കുന്നതിനാൽ മറ്റു വിഭാഗങ്ങൾ പ്രസ്തുത സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതില്ല.


No comments