JHL

JHL

മഞ്ചേശ്വരത്ത് സർവകലാശാലാ ജീവനക്കാർക്കു നേരെ സദാചാര ഗുണ്ടായിസം: 2 പേർ പിടിയിൽ.

മഞ്ചേശ്വരം(www.truenewsmalayalam.com) : കണ്ണൂർ സർവകലാശാല മഞ്ചേശ്വരം എൽഎൽഎം സെന്ററിലെ വനിതാ ലൈബ്രേറിയനും ഓഫിസ് ജീവനക്കാരനും നേരെ സദാചാര ഗുണ്ടാ അതിക്രമമെന്നു പരാതി. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ 3 പേരടങ്ങുന്ന അക്രമി സംഘം ഇവരെ ഉപദ്രവിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 2 പേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ‌തിരിച്ചറിഞ്ഞ മൂന്നാമത്തെ പ്രതിയായ കൗശിക്കിനായി തിരച്ചിൽ തുടരുകയാണ്.

മഞ്ചേശ്വരം ഗോവിന്ദപൈ കോളജിന്‌ സമീപമുള്ള അംബേദ്‌കർ കോളനിയിലെ എസ്‌.വിജിത്ത്‌ (26), മുഹമ്മദ്‌ മുസ്‌തഫ (43) എന്നിവരെയാണു മഞ്ചേശ്വരം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചോടെയാണ്‌ ജോലി കഴിഞ്ഞ്‌ കോളജിൽനിന്ന്‌ മഞ്ചേശ്വരം റെയിൽവേ സ്‌റ്റേഷനിലേക്ക്ു റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇരുവരെയും മൂന്നംഗ സംഘം ബൈക്കിൽ പിന്തുടർന്നത്.

തടഞ്ഞുവ‌ച്ച്‌ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. വിഡിയോ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തി. മുന്നോട്ടു പോകാൻ ശ്രമിച്ചപ്പോൾ അനുവദിച്ചില്ല. ബഹളം കേട്ട്‌ സമീപത്തുള്ളവർ എത്തിയപ്പോഴാണ്‌ അക്രമികൾ പിന്തിരിഞ്ഞത്‌. അക്രമികളിൽ 2 പേരെ പിന്നീട്‌ മഞ്ചേശ്വരം പൊലീസ്‌ പിടികൂടുകയായിരുന്നു. നേരത്തെയുണ്ടായ സദാചാര ഗുണ്ടാ അക്രമ കേസിൽ പ്രതികളാണ് പിടിയിലായവർ.

വനിതാ ലൈബ്രേറിയനെതിരെ മുൻപും ഇവിടെ അക്രമ ശ്രമം നടന്നിരുന്നു. എൽഎൽഎം സെന്ററിലേക്കുള്ള വിജനമായ റോഡിൽ ഒളിച്ചിരുന്നാണു അക്രമി സംഘം പലപ്പോഴും ജീവനക്കാരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നത്. അക്രമം ഭയന്നു ലൈബ്രേറിയന്‌ ഓഫിസിലേക്കു തിരിച്ചു മടങ്ങേണ്ടി വന്നിട്ടുണ്ട്‌. ഈ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഒപ്പം ജോലി ചെയ്യുന്നവർ വനിതാ ജീവനക്കാർക്കൊപ്പം ദേശീയപാത വരെ പോകാറുണ്ട്.


No comments