JHL

JHL

കനത്ത മഴ; കുന്നിടിഞ്ഞ് ഇരുനില വീടിനുമുകളിൽ പതിച്ചു. കുടുംബം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ചെർക്കള(www.truenewsmalayalam.com) : കനത്ത മഴയിൽ കുന്നിടിഞ്ഞ് ഇരുനില വീടിനുമുകളിൽ പതിച്ചു. കുടുംബം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

 ചെങ്കള ബേവിഞ്ച കല്ലുകൂട്ടം അടിയാതൊട്ടി റോഡിൽ പൊതുമരാമത്ത് കരാറുകാരനായ ബി.എ.സുബൈറിന്റെ ഇരുനില വീടിന് മുകളിലേക്കാണ് കുന്നിടിഞ്ഞുവീണത്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വീടിന്റെ ഒരുഭാഗത്തെ ചുമരും ജനലും തകർന്ന് വീടിനുള്ളിൽ കല്ലും ചെളിമണ്ണും പതിച്ചു. സമീപത്തെ മറ്റൊരു മുറിയിലാണ്

സുബൈറും ഭാര്യ ഷഹർബാന, മക്കളായ ഷിഹാബ്, ഷിഹ, ആയിഷ, ഫാത്തിമ എന്നിവരും കിടന്നിരുന്നത്. ശബ്ദം കേട്ട് കുട്ടികളുമായി സുബൈറും ഭാര്യയും പുറത്തേക്ക് ഓടിമാറി. വീടിനുള്ളിലെ കോൺക്രീറ്റ് ഏണിയിൽ തടഞ്ഞുനിന്നതിനാൽ സുബൈറും കുടുംബവും കിടന്നിരുന്ന മുറിയുടെ ചുമർ തകർന്നില്ല. 15 വർഷം മുൻപ്‌ പണിത വീട് ഭാഗികമായി തകർന്നിട്ടുണ്ട്. നാലുലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, പഞ്ചായത്തംഗം സത്താർ പള്ളിയാൻ, മുസ്‌ലിം ലീഗ് നേതാവ് എ.അബൂബക്കർ, ചെങ്കള സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ.ആർ.രജീഷ് എന്നിവർ സ്ഥലത്തെത്തി.

സുബൈറിന്റെ വീടിന് സമീപത്തെ വീടിനുമുകളിൽ മൂന്നുവർഷം മുൻപ്‌ കുന്നിടിഞ്ഞുവീണ് ഏറെ നഷ്ടമുണ്ടായിരുന്നു. വലിയ പാറക്കല്ല് സുബൈറിന്റെ വീടിനുസമീപം അന്ന് പതിച്ചിരുന്നു. ഇളകിനിന്നിരുന്ന മണ്ണ് സമീപവീടുകൾക്ക് ഭീഷണിയായതിനാൽ നീക്കുന്നതിനുള്ള അനുമതിക്കായി ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നെങ്കിലും അവഗണിച്ചിരുന്നതായി സുബൈർ പറഞ്ഞു.


No comments