JHL

JHL

താ​നൂ​ർ പൂ​ര​പ്പു​ഴ​യി​ൽ ​ബോ​ട്ട്​ മു​ങ്ങി അപകടം; 22 പേർക്ക് ദാരുണാന്ത്യം.

താ​നൂ​ർ/​പ​ര​പ്പ​ന​ങ്ങാ​ടി(www.truenewsmalayalam.com) : താ​നൂ​ർ പൂ​ര​പ്പു​ഴ​യി​ൽ ​ബോ​ട്ട്​ മു​ങ്ങിയുണ്ടായ അപകടത്തിൽ മരണം 22 ആയി. മരിച്ചതിൽ ഏഴുപേർ കുട്ടികളാണ്. പത്തു പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നുണ്ട്. 

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴോ​ടെ​യാണ് അപകടമുണ്ടായത്. അപകടം നടന്നത് മുതൽ രക്ഷാപ്രവർത്തനം തുടരുകയാണ്. എത്രപേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നതിൽ വ്യക്തതയില്ലാത്തതിനാൽ തിരച്ചിൽ തുടരുമെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ അറിയിച്ചു.

മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ രാവിലെ ആറിന് തന്നെ തുടങ്ങി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തിരൂർ ജില്ലാ ആശുപത്രിയിലും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളജിലുമായാണ് പോസ്റ്റ്മോർട്ടം നടന്നത്. 21 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി.


30 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് ബോട്ട് സർവീസ് നടത്തിയവർ പ​റഞ്ഞെങ്കിലും 22 പേർ മരിക്കുകയും ഒമ്പതുപേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടുകയും നാലുപേർ നീന്തി രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. 35 പേരുടെ കണക്കുകളാണ് ഇതുവരെ ലഭിച്ചത്. ഇനിയും ആളുകളുണ്ടോ എന്നത് പരിശോധിക്കുന്നുണ്ടെന്നും ആരെയും കാണാനില്ലെന്നുള്ള പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. എന്നാലും തിരച്ചിൽ അവസാനിപ്പിച്ചിട്ടില്ല.

അപകടത്തിൽപെട്ട് അറ്റ്ലാന്‍റിക് ബോട്ട് ഉടമ താനൂർ സ്വദേശി നാസറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.


സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണമാണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഇന്ന് താനൂർ സന്ദർശിക്കും.

ബോട്ടപകടത്തിൽ മരിച്ചവർ

പരപ്പനങ്ങാടി ആവിൽ ബീച്ച്​ കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത്​ (43), മക്കളായ ഹസ്ന (18), ഷംന (16), ഷഫ്​ല (13), സഫ്ന (17​), സൈതലവിയുടെ സഹോദരൻ സിറാജിന്‍റെ ഭാര്യ റസീന (27), മക്കളായ ഷഹ്​റ (8), ഫാത്തിമ റിഷിദ (7​), നൈറ ഫാത്തിമ (പത്ത്​ മാസം), ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്‍റെ ഭാര്യ കുന്നുമ്മൽ ജൽസിയ എന്ന കുഞ്ഞിമ്മു (42), ജാബിറിന്‍റെ മകൻ ജരീ​ർ (12), താനുർ സ്റ്റേഷനിലെ സി.പി.ഒ പരപ്പനങ്ങാടി ചിറമംഗലം മീനടം സബറുദ്ദീൻ (37), ആനക്കയം കളത്തിങ്ങൽപടി ചെമ്പനിയിൽ മച്ചിങ്ങൽ നിഹാസ്-ഫരീദ ദമ്പതികളുടെ മകൾ ആദി ഫാത്തിമ (ആറ്), പരപ്പനങ്ങാടി ചെട്ടിപ്പടി വെട്ടികുറ്റി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിശാബി, സൈനുൽ ആബിദിന്റെ മകൾ ആദില ഷെറി, സൈനുൽ ആബിദിന്റെ മകൻ അർഷാൻ, പെരിന്തൽമണ്ണ ശാന്തപുരം കോക്കാട് വയങ്കര നവാസിന്റെയും അസീജയുടെയും മകൻ അഫ്ലഹ് (ഏഴ്), പെരിന്തൽമണ്ണ ശാന്തപുരം കോക്കാട് വയങ്കര അസീമിന്റെയും ഫസീജയുടെയും മകൻ അൻഷിദ് (10), താനൂർ ഓലപ്പീടിക കാട്ടിൽപീടിയേക്കൽ സിദ്ദീഖ്‌ (35), സിദ്ദീഖിന്റെ മകൻ ഫൈസാൻ (മൂന്ന്), സിദ്ദീഖിന്റെ മകൾ ഫാത്തിമ മിൻഹ (ഒന്ന്), ചെട്ടിപ്പടി സ്വദേശി അദ്നാൻ എന്നിവരാണ് താനൂർ ബോട്ടപകടത്തിൽ മരിച്ചത്. ഇതിൽ 14 പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്.





No comments