കുടിവെള്ള കണക്ഷൻ എടുത്ത ഗുണഭോക്താക്കളെ ജല അതോറിറ്റി അധികൃതർ വഞ്ചിക്കുന്നു; മംഗൽപ്പാടി ജനകീയ വേദി സമരത്തിലേക്ക്
കുമ്പള(www.truenewsmalayalam.com) : മംഗൽപാടി പഞ്ചായത്തിൽ കുടിവെള്ള കണക്ഷൻ എടുത്ത ഗുണഭോക്താക്കളെ കേരള ജല അതോറിറ്റി വഞ്ചിക്കുകയും കൊള്ളയടിക്കുന്നത് തുടരുകയാണെന്നും,ജല അതോറിറ്റി അധികൃതരുടെ നിസംഗതക്കെതിരേ ശക്തമായ സമരപരിപാടികൾക്ക് മംഗൽപ്പാടി ജനകീയ വേദി നേതൃത്വം നൽകുമെന്നും ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വലിയ വാഗ്ദാനങ്ങൾ നൽകി നാടുനീളെ കുടിവെള്ള കണക്ഷൻ നൽകിയ ജലജീവന്‍ മിഷൻ പദ്ധതിയിലാണ് ജനങ്ങൾ വഞ്ചിതരായത്. കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്നും അധികൃതർ വ്യക്തമാക്കി സ്ഥാപിച്ച കുടിവെള്ള പൈപ്പുകൾ കാഴ്ചവസ്തുവായി മാറിയിരിക്കുകയാണ്.
ജലസ്രോതസ് ഏർപ്പെടുത്താതെ മംഗൽപ്പാടി പഞ്ചായത്ത് പരിധിയിൽ അയ്യായിരത്തോളം കണക്ഷനുകൾ നൽകിയെന്നാണ് അറിഞ്ഞത്.
ജല അതോറിറ്റിയുടെ കൊടങ്കയിലെ സ്രോതസ്സിൽ വെള്ളമില്ലെന്ന് അധികാരികൾക്ക് ബോധ്യ മുണ്ടായിട്ടും ഇത് മറച്ചു വെച്ചാണ് ജല അതോറിറ്റി ജനങ്ങളെ വഞ്ചിച്ചതെന്നും കുറ്റപ്പെടുത്തി.
ജലജീവൻ മിഷൻ വരുന്നതിന് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ നിലവിലെ പദ്ധതിയിൽ 1300 ഓളം വരുന്ന ഗുണഭോക്തകൾക്ക് കുടിവെള്ളം ലഭിക്കാത്തതിന്റെ പേരിൽ കണക്ഷൻ വിeച്ഛദിച്ചതാണ്.
ഈക്കാര്യത്തിൽ വ്യക്തതയുണ്ടായിട്ടും കൊടങ്കയിലെ പദ്ധതിയിൽ നിന്നു തന്നെ അയ്യായിരത്തോളം പുതിയ കണക്ഷൻ നൽകാനുണ്ടായതിനു പിന്നിൽ എന്ത് ഉദ്ദേശമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ അധികൃതർ തയ്യാറാകണം.
കോളനി നിവാസികൾ ഉൾപ്പെടെയുള്ളവർ കുടിവെള്ളം കിട്ടാതെ വലയുകയാണ്. കണക്ഷൻ എടുത്തതിന്റെ പേരിൽ ജല അതോറിറ്റിക്ക് പണം അടക്കുകയും, കുടിവെള്ളം പണം കൊടുത്ത് വാങ്ങേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഗുണഭോക്തക്കളും വിവിധ സംഘടനകളും നിരന്തരമായി നൽകിയ പരാതികൾ അധികാരികൾ അവഗണിക്കുകയാണെന്ന്
ജനകീയ വേദി കുറ്റപ്പെടുത്തി.
ആഴ്ചകൾക്കു മുമ്പ് ജല അതോറിറ്റി അധികാരികളെ കണ്ട് സ്ഥിതിഗതികൾ ബോധ്യപ്പെടുത്തിട്ടും
അധികാരികളുടെ ഭാഗത്ത് നിന്നും ധിക്കാരപരമായ സമീപനം തുടരുന്ന സാഹചര്യത്തിൽ സമരവും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ജനകീയ വേദി ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ അഡ്വ. കരീം പൂന, സത്യൻ സി. ഉപ്പള, അബു തമാം, അബു റോയൽ, സിദ്ദിഖ് കൈകമ്പ, അഷാഫ് മൂസ, സൈൻ അടുക്ക സംബന്ധിച്ചു.
Post a Comment