പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും; താൽക്കാലിക ബാച്ചും ആനുപാതിക വർധനയും വഴി 62,775 സീറ്റ്.
2021ൽ അനുവദിച്ച 79 താൽക്കാലിക ബാച്ചുകളും 2022ൽ അനുവദിച്ച രണ്ട് ബാച്ചുകളും ചേർത്ത് 81 ബാച്ചുകൾ വഴി 5235 സീറ്റാണ് വർധിക്കുക. കഴിഞ്ഞ വർഷവും ഈ സീറ്റുകൾ പ്രവേശനത്തിന് ലഭ്യമായിരുന്നു. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റ് വർധന വഴിയും കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ സ്കൂളുകളിലെ 20 ശതമാനം സീറ്റ് വർധന വഴിയും 33,050 സീറ്റാണ് വർധിക്കുക.
ഇതേ ജില്ലകളിലെ എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധന വഴി 24,490 സീറ്റും വർധിക്കും. ഈ സീറ്റുകളെല്ലാം കഴിഞ്ഞ വർഷവും പ്രവേശനത്തിന് ലഭ്യമായിരുന്നു. എന്നിട്ടും മലബാറിൽ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യമായിരുന്നു. കഴിഞ്ഞവർഷം മലബാറിൽനിന്ന് 31,234 പേരും മലപ്പുറം ജില്ലയിൽനിന്ന് മാത്രമായി 15,988 പേരും സീറ്റില്ലാതെ ഓപൺ സ്കൂളിൽ പ്രവേശനം നേടിയിരുന്നു. കഴിഞ്ഞ വർഷം നടത്തിയ സീറ്റ് വർധനയും 81 താൽക്കാലിക ബാച്ചുകൾ നിലനിർത്താനുള്ള തീരുമാനവും വഴി പ്ലസ് വൺ പഠനത്തിന് അൺഎയ്ഡഡ് സ്കൂളിലുൾപ്പെടെ സംസ്ഥാനത്താകെ 4,23,315 സീറ്റുണ്ടാകും. ഇതിൽ 54,590 സീറ്റ് അൺഎയ്ഡഡ് സ്കൂളുകളിൽ വൻ തുക ഫീസ് നൽകി പഠിക്കേണ്ടവയാണ്. അൺഎയ്ഡഡ് സീറ്റുകൾ പകുതിയിലധികവും ഒഴിഞ്ഞുകിടക്കാറാണ് പതിവ്. മലപ്പുറം ജില്ലയിലും പകുതിയിലധികം അൺഎയ്ഡഡ് സീറ്റിലും കുട്ടികൾ എത്താറില്ല.
Post a Comment