JHL

JHL

നാടിന്റെ ഫുട്ബോൾ ഉത്സവത്തിന് പരിസമാപ്തി; സൂപ്പർ കപ്പ് മാറോടണച്ച് ലൂസിയ ടൗൺ ടീം മൊഗ്രാൽ.

മൊഗ്രാൽ(www.truenewsmalayalam.com) :  നൂറ് വർഷം പിന്നിട്ട അൽ മുതകമ്മൽ മൊഗ്രാൽ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച എ.എം.ഡബ്ലൂ സൂപ്പർ കപ്പ് ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് -സീസൺ -03 സംഘാടനത്തിന്റെയും ആസൂത്രണത്തിന്റെയും തികവും മികവും സമ്മേളിച്ച കളിയുത്സവമായി മാറി.

മധുരം കിനിയുന്ന മാപ്പിളപ്പാട്ടുകൾ ഇശൽ മഴയായി പെയ്തിറങ്ങിയ നാട്ടിൽ, ഫുട്ബോൾ പെരുമ വാനോളമുയർത്തിയ ഗോൾ മഴയുടെ അഞ്ച് രാവുകൾ ഫുട്ബോൾ പ്രേമികളിൽ അനല്പമായ അനുഭൂതിയാണ് പകർന്നത്.

കാണികളെ ഒന്നടങ്കം ത്രസിപ്പിച്ച കലാശപ്പോരിൽ ലൂസിയ ടൗൺ ടീം മൊഗ്രാൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് റിംഗ് മീ ഗല്ലി ഇന്ത്യൻസിനെ പരാജയപ്പെടുത്തി സൂപ്പർ കപ്പിൽ മുത്തമിട്ടു.

കാരിരുമ്പിന്റെ കരുത്തുമായി കളിക്കളത്തിലിറങ്ങിയ ടൗൺ ടീം താരങ്ങൾ കൈമെയ് മറന്ന് പോരാടുന്ന ദൃശ്യമാണ്  ഫൈനൽ മത്സരത്തിൽ കാണാൻ സാധിച്ചത്.

സെവൻസ് ഫുട്ബോളിന്റെ അതികായകന്മാർ  കളം നിറഞ്ഞാടിയപ്പോൾ ആർത്തിരമ്പുന്ന കടലലകളെ പോലും വെല്ലുന്ന ആവേശത്തോടെ ഗാലറി ഇളകി മറിഞ്ഞത് ഫൈനൽ മത്സരത്തിന് മാറ്റുകൂട്ടി.

ആദ്യ കളിയിലെ പരാജയത്തിന് ശേഷം ടൗൺ ടീമിന് കപ്പിൽ മുത്തമിടാനായത് ലോകകപ്പിലെ അർജന്റീനയുടെ കുതിപ്പിനെ അനുസ്മരിക്കുന്നതായിരുന്നു. കഴിഞ്ഞ സീസണിലും ഗല്ലി ഇന്ത്യൻസ് തന്നെയായിരുന്നു  റണ്ണേഴ്സ് അപ്പ്.

ചാമ്പ്യൻമാർക്ക് വേണ്ടി റാഷി, ജുന്ന, മശൂഖ് എന്നിവർ ഓരോ ഗോൾ വീതം നേടി.

ബെസ്റ്റ് ഗോൾ കീപ്പർ-ഡിങ്കൻ (ലൂസിയ ടൗൺ ടീം ), ബെസ്റ്റ് ഡിഫെൻഡർ -നൗഫൽ (മറക്കാന എഫ് സി ), എമെർജിങ് പ്ലയർ - ജാഷി (ലൂസിയ ടൗൺ ടീം ), ബെസ്റ്റ് ഫോർവേഡ് - നൗഫൽ ( ഗല്ലി ഇന്ത്യൻസ്), ബെസ്റ്റ് ഓഫ് മൊഗ്രാൽ - അൽഫ (ലൂസിയ ടൗൺ ടീം), ടോപ് സ്കോറർ - ദിൽഷാദ് എം എൽ (ക്ലൈമാക്സ്‌ എഫ് സി ) എന്നിവരെയും

ബെസ്റ്റ് ഡിസിപ്ലിൻ ടീമായി സിറ്റിസൻ എഫ് സിയെയും,  ഫെയർ പ്ലേ അവാർഡിന് സ്മാർട്ട് മൊഗ്രാലിയൻസിനെയും, ബെസ്റ്റ് മാനേജർ അവാർഡിന് ലൂസിയ ടൗൺ ടീമിനെയും തെരഞ്ഞെടുത്തു.

വിജയികൾക്ക് ലൂസിയ ഗ്രൂപ്പ് ചെയർമാൻ ഇദ്ദീൻ മൊഗ്രാൽ, സിറാജ് ലൂസിയ, റമീസ് എസ്സ ഗ്രൂപ്പ്, ഹമീദ് സ്പിക് എന്നിവർ ട്രോഫികളും ക്യാഷ് അവാർഡും വിതരണം ചെയ്തു.

ക്ലബ് പ്രസിഡന്റ് അൻവർ അഹ്‌മദ്‌ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ആസിഫ് ഇഖ്‌ബാൽ സ്വാഗതവും ട്രഷറർ റിയാസ് മൊഗ്രാൽ നന്ദിയും പറഞ്ഞു.

No comments