JHL

JHL

കേരളത്തിന്റെ യഥാർത്ഥ കഥയെ വരച്ചുകാട്ടി കവിതയെഴുതി വൈറലായി മൊഗ്രാൽ സ്വദേശിനി.

 

കാസര്‍കോട്(www.truenewsmalayalam.com) : കേരളത്തിന്റെ യഥാര്‍ത്ഥ ചിത്രം വരച്ചുകാട്ടി കാസര്‍കോട് മൊഗ്രാല്‍ സ്വദേശിനിയായ ഡോ. എം.കെ റുഖയ്യ എഴുതിയ ഇംഗ്ലീഷ് കവിത വൈറലാകുന്നു. എഴുത്തുകാരനും എം.പിയുമായ ശശിതരൂര്‍ കവിത സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് കേരളത്തിന് അകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. കാമ്പുള്ള കവിതകളിലൂടെ ഏറെ പ്രശസ്തയായ എം.കെ റുഖയ്യ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറാണ്.

വിവാദമായ ‘ദി കേരള സ്റ്റോറി’ എന്ന സിനിമ പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു റുഖയ്യയുടെ പുതിയ കവിത. കേരളത്തിന്റെ മതങ്ങള്‍ക്കതീതമായ സാഹോദര്യവും സൗഹൃദവും മൈത്രിയും വരച്ചുകാട്ടുന്ന കവിത ഏറെ ഹൃദ്യമാണ്. റുഖയ്യയോട് അനുവാദം ചോദിച്ച ശേഷം കവിത ശശിതരൂര്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവെക്കുകയായിരുന്നു. ഇതോടെ നിരവധി പേരാണ് കവിതയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയത്. മതേതരത്വത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന നാടാണ് കേരളമെന്നും മതസാഹോദര്യം ഊട്ടിപ്പറഞ്ഞുമാണ് കവിതയുടെ വരികള്‍.

നിരവധി കവിതകള്‍ രചിച്ചിട്ടുള്ള റുഖയ്യയ്ക്ക് ഇന്ത്യക്ക് അകത്തും പുറത്തും നിരവധി ആരാധകരുണ്ട്. പ്രശസ്തരായ പല കവികളും റുഖയ്യയുടെ കവിതകളെ പ്രശംസിക്കാറുണ്ട്. ദേശീയ, അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളിലും ശ്രദ്ധേയമായ സാഹിത്യ സൃഷ്ടികളിലും റുഖയ്യയുടെ കവിതകള്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. ലോക രാജ്യങ്ങളിലെ മികച്ച ഇംഗ്ലീഷ് കവിതകള്‍ക്ക് സിഗ്നിഫികന്റ് ലീഗ് ഇന്റര്‍നാഷണല്‍ നല്‍കുന്ന 2021ലെ റുഅല്‍ അവാര്‍ഡിന് റുഖയ്യ അര്‍ഹയായിരുന്നു. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന മൊഗ്രാല്‍ കൊപ്രബസാറിലെ എം. മുഹമ്മദ് കുഞ്ഞിയുടേയും പരേതയായ മറിയമിന്റെയും മകളാണ്.

No comments