JHL

JHL

കുമ്പള താഴെ കൊടിയമ്മ റോഡരികിൽ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി.


കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ താഴെ കൊടിയമ്മ റോഡരികിൽ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. മഴക്കാലത്തിന് മുന്നോടിയായി കുമ്പള ഗ്രാമപഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനിരിക്കെയാണ് മാലിന്യം ഈ തിരക്കേറിയ റോഡിന് സമീപം തള്ളുന്നത്.

 റോഡിന് സമീപത്തുള്ള വീടുകളിൽ നിന്നും, കടകളിൽ നിന്നുമുള്ള ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യങ്ങൾ പ്ലാസ്റ്റിക് സഞ്ചികളിലാക്കി റോഡരികിൽ വലിച്ചെറിയുന്നുവെന്നാണ് ആക്ഷേപം. ഹരിത സേന വീടുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുമ്പോഴും അതിൽ മുഖം തിരിച്ചു നിൽക്കുന്നവരാണ് മാലിന്യം റോഡരികിൽ തള്ളുന്നതെന്ന ആക്ഷേപമുണ്ട്.

 വലിച്ചെറിയുന്നത് ഭക്ഷണാവശിഷ്ടങ്ങളായതിനാൽ തെരുവുനായ്ക്കൾ ഭക്ഷണത്തിനായി എത്തുന്നതും,മാലിന്യം റോഡിൽ വലിച്ചിടുന്നതും പതിവ് കാഴ്ചയാണ്. മഴക്കാലമെത്തുന്നതോടെ മാലിന്യങ്ങൾ അഴുകി അസഹ്യമായ ദുർഗന്ധം വമിക്കുമെന്നും, ഇത് പകർച്ചവ്യാധിക്ക് കാരണമാവുമെന്നും പരിസരവാസികൾ പറയുന്നു. മാലിന്യം  വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


No comments