കുമ്പളയിൽ പണി ഇഴഞ്ഞു നീങ്ങുന്നു ; നാട്ടുകാരും വ്യാപാരികളും ദുരിതത്തിൽ.
കുമ്പള(www.truenewsmalayalam.com) : നിർമ്മാണ ജോലികൾ പുരോഗമിക്കുന്ന മുള്ളേരിയ–കുമ്പള പാതയിൽ കുമ്പള ടൗൺ പൊടിപടലങ്ങൾ കൊണ്ട് മൂടുന്നത് വ്യാപാരികൾക്ക് ദുരിതമാകുന്നു.
കടകളുടെ അകത്തേക്കാണ് പൊടിപടലങ്ങൾ കയറുന്നത്. ഇത് വസ്ത്ര വ്യാപാരികളെ ഏറെ ദുരിതത്തിലാക്കുന്നു. ടൗണിലെ നിർമാണ പ്രവൃത്തികളിൽ വേഗത്തിൽ വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ടൗണിലെത്തുന്ന യാത്രക്കാർക്കും ഇത് ദുരിതമാകുന്നു. രാവിലെയും, വൈകിട്ടും ലോറികളിലായി വെള്ളം തളിക്കുന്നുണ്ടെങ്കിലും കഠിനമായ ചൂട് അതിന് പരിഹാരമാകുന്നില്ല.
നിമിഷങ്ങൾ കൊണ്ട് വെള്ളം ഉണങ്ങിപ്പോകുന്നു. വെള്ളത്തിന്റെ ലഭ്യതയും കുറവാണെന്ന് അധികൃതർ പറയുന്നു.അതിനിടെ ടൗണിലെ ഓട്ടോ സ്റ്റാൻഡിന് പിറകുവശത്തുള്ള ഓവുചാൽ മൂടിയ നിലയിലാണ്. ഇതിന് മുകളിലൂടെയാണ് റോഡ് പ്രവൃത്തി നടക്കുന്നത്. മഴക്കാലം അടുത്തിരിക്കെ ഇതിലും വ്യാപാരികൾക്കും ഓട്ടോ ഡ്രൈവർമാർക്കും ആശങ്കയുണ്ട്. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Post a Comment